'വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളൂ'; സമരക്കാരെ പരിഹസിച്ച് കെഎസ്ഇബി ചെയര്‍മാന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th April 2022 02:58 PM |
Last Updated: 14th April 2022 03:50 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: കെഎസ്ഇബി സമരക്കാരെ പരിഹസിച്ച് ചെയര്‍മാന്‍ ബി അശോക്. സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളൂ. സമരക്കാരോട് വാത്സല്യമുണ്ട്. വൈദ്യുതി ബോര്‍ഡില്‍ പ്രശ്‌നങ്ങളില്ലെന്നും അശോക് പറഞ്ഞു.
കെ എസ്ഇബി ഒരു ബിസിനസ് സ്ഥാപനമാണ്. എല്ലാവരും സഹകരിച്ചാലേ മുന്നോട്ടു പോകൂ. കെഎസ്ഇബിയെ സംബന്ധിച്ചിടത്തോളം ഏത് എത്ര പരമാവധി വരെയും ഒരു വ്യക്തിയെ അക്കോമഡേറ്റ് ചെയ്യാന്‍ തയ്യാറാകും. പക്ഷെ, കെഎസ്ഇബി എന്ന സ്ട്രക്ചറിന്റെ മൗലിക സ്വഭാവം ബലികഴിക്കില്ല.
സംസാരിക്കാന്‍ വന്നയുടനെ അധിക്ഷേപിച്ച ശേഷം വിളറിയ ചിരി ചിരിച്ച് ഇങ്ങനെയൊക്കെ പറയല്ലേ, നമുക്ക് യോഗം തുടരാമെന്നൊന്നും ബി അശോക് പറയില്ല. നിര്‍ത്തിക്കോ, പ്ലീസ് ഗറ്റൗട്ട് അതാണ് തന്റെ നിലപാടെന്ന് അശോക് പറഞ്ഞു. ചെറിയ പിശകുപറ്റിപ്പോയി, തിരിച്ചെടുക്കണമെന്ന് പറഞ്ഞാല്‍ തീരാവുന്ന കാര്യമേയുള്ളൂ. ഇതൊന്നും വാശിപ്പുറത്ത് ചെയ്യുന്നതല്ല.
സമരക്കാരില്‍ ചിലരോട് ചെയര്‍മാന്‍ മാറണോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. അവര്‍ക്ക് പറയണമെന്നുണ്ട്, ആറു മാസമായിട്ട് മാറണമെന്ന് വിചാരിച്ച് നടക്കുകയാണ്. പക്ഷെ അത് തുറന്നു പറയാന്‍ പറ്റുന്നില്ല. അങ്ങനെയില്ല, മനോഭാവം മാറിയാല്‍ മതിയെന്നാണ് അതുകൊണ്ട് പറയുന്നത്. ഇത്രയൊക്കെ കണ്ടതുകൊണ്ട് നമുക്ക് അശേഷം പേടിയില്ലാത്ത കാര്യമാണ് മാറ്റം എന്നു പറയുന്നത്. അതാണ് അതിന്റെ ഏറ്റവും വലിയ രസം.
മാറ്റം എന്നു പറഞ്ഞ് പേടിപ്പിക്കാനേ പറ്റില്ല. എവിടെച്ചെന്നാലും പോളിസി കണ്‍സിസ്റ്റന്റ് തന്നെയാണ്. കസേര മാറുന്നു, ആളുകള്‍ മാറുന്നു, പ്രൊട്ടസ്റ്റ് മാറുന്നു എന്നേയുള്ളൂ. എല്ലായിടത്തും ഒരേ നയത്തില്‍ തന്നെയാണ് പോകുന്നത്. അനുഭവങ്ങള്‍ പൊള്ളിക്കുന്ന ഒരുപാട് യാതാര്‍ത്ഥ്യമുണ്ട്. ആ യാഥാര്‍ത്ഥ്യത്തിന്റെ ഭാഗമാണ് താനും.
കേരളത്തിലെ ഒരു പ്ലസ് പോയിന്റ് എന്നു വെച്ചാല്‍ എല്ലാവരുടേയും വോയ്‌സ് കേള്‍ക്കാനുള്ള പരിസരമുണ്ട്. അങ്ങനെ ആരെയും ചവിട്ടിത്തേച്ച്, മറ്റു സ്ഥലങ്ങളില്‍ നടക്കുന്ന പോലെ സ്റ്റീം റോളര്‍ കേറ്റി ഇറക്കി അവരുടെ അഡ്രസുമില്ല കൂരയുമില്ല എന്ന തരത്തിലുള്ള സാഹചര്യമൊന്നും കേരളത്തിലില്ല. അതിന് പല ഘടകങ്ങളുണ്ട്. പ്രത്യേകിച്ച് ഇടതു മൂവ്‌മെന്റ് വലിയ ശക്തി തന്നെയാണ്. പരസ്പര ബഹുമാനത്തോടെ സമവായത്തിന്റെ ഭാഷയാണ് മാനേജ്‌മെന്റിന്റേതെന്നും അശോക് പറഞ്ഞു.
ചെയര്‍മാന്‍ കടുത്ത നിലപാട് തുടരുന്നതിന് പിന്നില്‍ മന്ത്രിയുടെ പിന്തുണയാണെന്നാണ് സിപിഎമ്മിന്റെ വിശ്വാസം. സമരം എത്രയും വേഗം ഒത്തുതീര്‍പ്പാക്കണമെന്ന് മുഖ്യമന്ത്രി വൈദ്യുതമന്ത്രിക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
പദവികളിലേക്ക് പുതിയവരെ നിയമിച്ചു
സസ്‌പെന്‍ഷനിലുള്ള കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിസന്റ് എംജി സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ വഹിച്ചിരുന്ന പദവികളിലേക്ക് പുതിയവരെ നിയമിച്ചു. സുരേഷ് കുമാര്‍ വഹിച്ച പവര്‍ സിസ്റ്റം എന്‍ജിനീയറിങ്ങില്‍ പുതിയ ഇ ഇ യെയും ജാസ്മിന്‍ ബാനുവിന്റെ സീറ്റായ തിരുവനന്തപുരം ഡിവിഷണില്‍ പുതിയ ഇ ഇയെയും നിയമിച്ച് ഉത്തരവിറക്കി.
സ്ഥാനക്കയറ്റം ലഭിച്ച എഇഇമാരെയാണ് പകരമായി നിയമിച്ചിരിക്കുന്നത്. സംഘടന ജനറല്‍ സെക്രട്ടറി ബി ഹരികുമാറിന് പ്രൊമോഷന്‍ നല്‍കിയിട്ടില്ല. സമരം അവസാനിപ്പിക്കുന്നതിനായി ബോര്‍ഡ് മാനേജ്‌മെന്റും അസോസിയേഷനും തമ്മില്‍ നടത്തിയ ഇന്നലെ ചര്‍ച്ചയിലും തീരുമാനമായില്ല. ചര്‍ച്ചയില്‍ സിഎംഡി ബി അശോക് പങ്കെടുത്തിരുന്നില്ല. ബോര്‍ഡ് അംഗങ്ങളും സംഘടനാ പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. അശോക് അരസംഘിയാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി ആരോപിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ആ നന്മയെ വിധി തോല്‍പ്പിച്ചു; സുരഭി ലക്ഷ്മി സഹായിച്ച യുവാവ് ആശുപത്രിയില്‍ മരിച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ