മഹാ കുബേരയാഗ വേദി
മഹാ കുബേരയാഗ വേദി

യാഗശാലയാകാന്‍ പാലക്കാട്; മഹാ കുബേരയാഗത്തിന് നാളെ തുടക്കം       

കേരളത്തിലെ ആദ്യ കുബേര ക്ഷേത്രമായ ചവളറ കുബേര ക്ഷേത്രത്തിലെ മഹാ കുബേരയാഗത്തിന് നാളെ തുടക്കം


പാലക്കാട്: കേരളത്തിലെ ആദ്യ കുബേര ക്ഷേത്രമായ ചവളറ കുബേര ക്ഷേത്രത്തിലെ മഹാ കുബേരയാഗത്തിന് നാളെ തുടക്കം. ധനംകണ്ടെത്തുക ജീവിതത്തെ പുനര്‍സൃഷ്ടിക്കുക എന്ന മന്ത്രവുമായി ലോകത്തിന് സാമ്പത്തിക സമാധാനം കൈവരിക്കുക എന്ന ലക്ഷ്യവുമായാണ് മഹാ കുബേരയാഗം നടത്തുന്നത്. ഏപ്രില്‍ 23വരെയാണ് പാലക്കാട് ചെര്‍പ്പുളശ്ശേരിക്കടുത്ത് ചളവറയില്‍ പാലാട്ട് പാലസ് ക്ഷേത്രത്തില്‍ യാഗം നടക്കുന്നത്. 

പാലാട്ട് പാലസ് കുടുംബ ക്ഷേത്രം കഴിഞ്ഞ നവംബറിലാണ് പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. യാഗം രക്ഷ പുരുഷന്‍ കൂടിയായ പാലാട്ട് പാലസിലെ ഡോ. ടി.പി. ജയകൃഷ്ണന്റെ ആശയത്തിലാണ് മഹാ കുബേരയാഗം നടത്താന്‍ ക്ഷേത്രം ട്രസ്റ്റ് തീരുമാനിച്ചത്. സോമയാഗത്തിലും കുണ്ടൂര്‍ അതിരാത്രത്തില്‍ ഹോത്രം ചെയ്തും വൈദിക പരിജ്ഞാനമുള്ള ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാടിന്റ മുഖ്യ കാര്‍മ്മികത്വത്തിലാണ് യാഗ ചടങ്ങുകള്‍ നടക്കുന്നത്. 

തന്ത്രി ഈക്കാട് നാരായണന്‍ നമ്പൂതിരിപ്പാട്, യാഗം ആചാര്യന്‍ മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാട് തുടങ്ങി 11 പ്രമുഖ യജ്ഞാചാര്യന്‍മാരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. ചളവറയില്‍ 15 ഏക്കര്‍ സ്ഥലത്ത് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 3 പന്തലുകളിലായാണ് ചടങ്ങുകള്‍ നടക്കുക. വി.കെ ശ്രീകണ്ഠന്‍ എം പി. 17 ന് രാവിലെ 10ന്  മഹാ കുബേരയജ്ഞ സമാരംഭ സഭ ഉദ്ഘാടനം ചെയ്യും.  

പി.മമ്മിക്കുട്ടി എംഎല്‍എ, തെലങ്കാന മുന്‍ എം എല്‍ എ.സുധാകര്‍ റെഡ്ഡി, യാഗം രക്ഷ പുരുഷന്‍ ഡോ. ടിപി. ജയകൃഷ്ണന്‍,  ജിഷ ജയകൃഷ്ണന്‍, രാജേഷ്  പട്ടത്ത്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. യാഗ ചടങ്ങുകള്‍ പതിമൂവായിരം തെങ്ങോല കൊണ്ട് മേല്‍ക്കൂര മേഞ്ഞ മഹാ വേദിയിലും, ഇന്ത്യയിലെ 50 ലധികം ക്ഷേത്രങ്ങളിലെ പുജകള്‍ അതത് ക്ഷേത്ര പൂജാരിമാരുടെ കാര്‍മികത്വത്തില്‍ ആഗമ വേദിയിലും നടക്കും. 

മൂന്നാമത്തെ വേദിയായ നിഗമ വേദിയില്‍ പ്രഭാഷണങ്ങള്‍ക്കുപുറമെ വിവിധ വിഷയങ്ങളിലുള്ള സെമിനാറുകള്‍,കഥകളി, ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍ കൂത്ത്, ഭരതനാട്യം തുടങ്ങിയ കലാ സാംസ്‌കാരികപരിപാടികളും നടക്കും. വിവിധ ദിവസങ്ങളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ നടക്കുന്ന സെമിനാറുകളില്‍ അഖില കേരള തന്ത്രി സമാജം സെക്രട്ടറി ഇടവലത്ത് പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാട്, ഡോ.പി.വിനോദ് ഭട്ടതിരിപ്പാട്, മഹര്‍ഷി പാണിനി സംസ്‌കൃത വൈദിക യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.സി.ജി. വിജയകുമാര്‍, വാസ്തു ശാസ്ത്ര വിദദ്ധന്‍ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.  

ബദരിനാഥ്, മഥുര  ബൃന്ദാവന്‍, നാസിക് ത്രയമ്പകേശ്വര്‍, കൊല്ലൂര്‍ മൂകാംബിക, വെല്ലൂര്‍ ഗോള്‍ഡന്‍ ടെമ്പിള്‍, പഴനി തുടങ്ങി കേരളത്തിനു പുറത്തെയും, കേരളത്തിനകത്തെയും 50 ലധികം ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ നേതൃത്വത്തില്‍ അതത് ക്ഷേത്ര പൂജകള്‍ ഒരു വേദിയില്‍ ചരിത്രത്തിലാദ്യമായി യാഗശാലയില്‍ നടക്കും. എല്ലാ പൂജകളും ഭക്തര്‍ക്കും വഴിപാട് സമര്‍പ്പിച്ച് പങ്കാളികാം. പൂജകള്‍ www.yagam.kuberatemple.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായും ബുക്ക് ചെയ്യാനാകും. ഏപ്രില്‍ 23 ന് ഏകദശാഗ്‌നി ഹോത്രത്തോടെ മഹാ വേദിയിലെ യാഗ ചടങ്ങുകള്‍ക്ക് സമാപനമാകും. യാഗ ചടങ്ങുകളിലേക്ക് യാതൊരുവിധ പ്രവേശന നിരക്കും ഏര്‍പ്പെടുത്തിയിട്ടില്ല. പ്രവേശനം പൂര്‍ണ്ണമായും സൗജന്യമാണെന്ന് യാഗം യജമാനന്‍ ജിതിന്‍ ജയകൃഷ്ന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com