മങ്കിപോക്‌സ് ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ അറിയിക്കണം, മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റൈനില്‍: ഡിഎംഒ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2022 08:51 PM  |  

Last Updated: 01st August 2022 08:51 PM  |   A+A-   |  

monkeypox

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: തൃശൂരിലെ യുവാവിന്റെ മരണം മങ്കിപോക്‌സ് മൂലമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരെ ഉടന്‍ അറിയിച്ച് ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. യുവാവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇരുപതോളം ആളുകളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

തൃശൂര്‍ പുന്നയൂര്‍ കുറഞ്ഞിയൂര്‍ സ്വദേശി 22 വയസ്സുകാരന്‍ വിദേശത്തു നിന്ന് ജൂലൈ 21 നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍  എത്തിച്ചേര്‍ന്നത്. വിദേശത്ത് ജോലി ചെയ്തു വരവേ ഒരു മാസമായി ഇടവിട്ട് പനി ഉണ്ടാവുകയും അതിനായി വൈദ്യസഹായം തേടുകയും ചെയ്തിരുന്നു. നാട്ടില്‍ വന്നതിന് ശേഷം യുവാവ് വീട്ടുകാരുമായും സുഹൃത്തുക്കളുമായും അടുത്ത് ഇടപഴകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

പനിയോടൊപ്പം അപസ്മാരം പോലെയുള്ള ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് ജൂലൈ 27ന് യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗനില വഷളായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രത്യേക ഐസൊലേഷന്‍ മുറിയിലേക്ക് മാറ്റിയെങ്കിലും ജൂലൈ 30ന് മരണം സംഭവിക്കുകയായിരുന്നു. യുവാവിന്റെ ശരീര സ്രവങ്ങള്‍ പൂനെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിച്ചപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്.  യുവാവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇരുപതോളം ആളുകളെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

വിദേശത്തുനിന്നു വന്ന് 21 ദിവസത്തിനകം തിണര്‍പ്പിനൊപ്പമുള്ള പനി, ശരീര വേദന, തൊലിയിലെ കുമിളകള്‍, തടിപ്പ്, തലവേദന, പേശി വേദന, തൊണ്ടവേദന, ഭക്ഷണം ഇറക്കാന്‍ പ്രയാസം, ചെവിയുടെ പിന്‍ഭാഗം, കഴുത്ത്, കക്ഷം, കാലിടുക്കുകള്‍ എന്നിവിടങ്ങളില്‍ വീക്കം എന്നീ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് ഉന്‍ ചികിത്സ തേടേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

മങ്കിപോക്‌സ് ലക്ഷണങ്ങള്‍ കണ്ടാല്‍ ആരും മറച്ചുവെയ്ക്കരുത്; ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയതായി മുഖ്യമന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ