രാജ്യത്തെ ആദ്യ മങ്കിപോക്‌സ് മരണം തൃശൂരില്‍; യുവാവിന്റെ പരിശോധനാ ഫലത്തില്‍ സ്ഥിരീകരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st August 2022 01:40 PM  |  

Last Updated: 01st August 2022 01:42 PM  |   A+A-   |  

doctors dismissed for not reporting to covid duty

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: തൃശൂര്‍ പുന്നയൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്‌സ് ബാധിച്ചു തന്നെയെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് മങ്കിപോക്‌സ് ബാധിച്ചു മരണം സ്ഥിരീകരിക്കുന്നത്.  ഇതോടെ ജില്ലയില്‍ ജാഗ്രത ശക്തമാക്കി.

ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയ്ക്ക് ശേഷമാണ് സാംപിള്‍ പൂനെ ലാബിലേക്ക് അയച്ചത്. മുന്‍പ് വിദേശത്തു വച്ചു നടത്തിയ പരിശോധനാ ഫലം മങ്കിപോക്‌സ് പോസിറ്റീവ് ആയിരുന്നു.

21ന് കേരളത്തിലെത്തിയ 22കാരനായ യുവാവ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കഴിഞ്ഞത്. നാല് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഇയാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവന്നത്. നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാന്‍ പോയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. 27ന് മാത്രമാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. 

യുവാവ് ചികിത്സ തേടാന്‍ വൈകിയെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. നിലവില്‍ കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരുമടക്കം 15 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ട്.ഇവര്‍ക്ക് ആര്‍ക്കും ലക്ഷണങ്ങളില്ല.

പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മരിച്ച യുവാവിന്റെ വീട്. യുവാവിന്റെ നില ഗുരുതരമായപ്പോഴാണു ബന്ധുക്കള്‍ വിദേശത്തെ പരിശോധനാ റിപ്പോര്‍ട്ട് ആശുപത്രി അധികൃതര്‍ക്ക് നല്‍കിയത്. ഇതിന്റെഅടിസ്ഥാനത്തില്‍ യുവാവിന്റെറൂട്ട് മാപ്പ് തയ്യാറാക്കി. സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരോട് നിരീക്ഷണത്തില്‍ പോകാനും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സംസ്ഥാനത്ത് നാലുദിവസം അതിതീവ്രമഴ; റെഡ് അലര്‍ട്ട്; അതീവ ജാഗ്രത

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ