15 കോടി നഷ്ടമായെന്ന് കോഴിക്കോട് കോർപറേഷൻ; 12 എന്ന് ബാങ്ക്; സ്വകാര്യ അക്കൗണ്ടുകളിലും റിജിൽ തിരിമറി നടത്തി
By സമകാലിക മലയാളം ഡെസ്ക് | Published: 03rd December 2022 07:58 AM |
Last Updated: 03rd December 2022 07:58 AM | A+A A- |

ഫോട്ടോ: ഫെയ്സ്ബുക്ക്
കോഴിക്കോട്: കോർപറേഷന്റെ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് കോടികൾ തട്ടിയ സംഭവത്തിൽ ബാങ്കിന്റേയും കോർപറേഷന്റേയും കണക്കുകളിൽ പൊരുത്തക്കേട്. 15 കോടി 24 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത് എന്നാണ് മേയർ ബീന ഫിലിപ്പ് പറഞ്ഞത്. എന്നാൽ അക്കൗണ്ടില്‍ നിന്ന് മുന്‍ മാനേജര്‍ എംപി റിജില്‍ തട്ടിയെടുത്തത് 12 കോടിയാണെന്ന് ബാങ്ക് പറയുന്നു.
റിജിൽ പിതാവിന്‍റെ അക്കൗണ്ടില്‍ നിന്ന് ആക്സിസ് ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് 12 കോടി രൂപയാണ്. ആക്സിസ് ബാങ്കിൽ റിജിൽ ട്രേഡിങ് അക്കൗണ്ട് എടുത്തിരുന്നു.
അതേസമയം റിജിൽ കോർപറേഷന്റെ അക്കൗണ്ടിന് പുറമെ സ്വകാര്യ അക്കൗണ്ടുകളിൽ നിന്നുള്ള പണവും തിരിമറി നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഒരു അക്കൗണ്ടിൽ നിന്ന് 18 പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ പേരുടെ പണം പോയതായി പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.
അതിനിടെ റിജിൽ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഇത് ശനിയാഴ്ച പരിഗണിക്കും. റിജിൽ കസ്റ്റഡിയിലുണ്ടെന്നാണ് സൂചനയെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ബാങ്കിൽ നിന്ന് പല ഘട്ടങ്ങളിലായാണ് റിജിൽ പണം പിൻവലിച്ചത്. 2019 മുതൽ ഈ വർഷം ജൂൺ വരെ ലിങ്ക് റോഡ് ശാഖയിൽ റിജിൽ ജോലി ചെയ്തിരുന്നു. പിന്നീടാണ് എരഞ്ഞിപ്പാലത്തേക്ക് പോയത്. അവിടെ നിന്നാണ് ഒക്ടോബർ, നവംബർ മാസങ്ങളിൽ ലിങ്ക് റോഡ് ശാഖയിലെ പണം തിരിമറി നടത്തിയത്.
മാനേജരുടെ അധികാരം ദുരുപയോഗം ചെയ്ത് 20 ലക്ഷം വീതം പലപ്പോഴായി പിൻവലിച്ചെന്നാണ് കരുതുന്നത്. തട്ടിപ്പ് മനസ്സിലാകാതിരിക്കാൻ രേഖകളിലുൾപ്പെടെ ക്രമക്കേട് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. മറ്റാർക്കെങ്കിലും തട്ടിപ്പിൽ പങ്കുണ്ടോയെന്നുള്ള കാര്യം വ്യക്തമായിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവ് കൊല്ലപ്പെട്ടു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ