സമരത്തെ മറ്റാരോ നിയന്ത്രിക്കുന്നു?; കഴിഞ്ഞസര്‍ക്കാരും ഇതു പറഞ്ഞു; സംശയം ആവര്‍ത്തിച്ച് മുഖ്യമന്ത്രി

'സമരസമിതിയുടെ നാം കാണുന്ന നേതൃത്വത്തിന് അപ്പുറം മറ്റാരെങ്കിലും കൂടിയുണ്ടോയെന്ന് സംശയിക്കുന്നു'
മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിക്കുന്നു/ സഭ ടിവി
മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിക്കുന്നു/ സഭ ടിവി


 
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന സംശയം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് മറുപടി പറയുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ബാബു തന്നെ നിയമസഭയില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളതായി മുഖ്യമന്ത്രി വ്യക്തമാക്കി. 

വിഴിഞ്ഞം വിഷയത്തില്‍ ഓഗസ്റ്റ് 16 ന് സമരം ആരംഭിച്ചു. ഓഗസ്റ്റ് 19 ന് തന്നെ സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ഒരു അലംഭാവവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. സമരത്തിന് നേതൃത്വം നല്‍കിയ പ്രധാന നേതാവുമായി വരെ നേരിട്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. ചര്‍ച്ച നല്ല നിലയില്‍ അവസാനിക്കും. എന്നാല്‍ അതിനുശേഷം അന്തരീക്ഷം മോശമായി. പലപ്പോഴും ഇതാണ് സ്ഥിതി. സമരസമിതിയുടെ നാം കാണുന്ന നേതൃത്വത്തിന് അപ്പുറം മറ്റാരെങ്കിലും കൂടിയുണ്ടോയെന്ന് സംശയിക്കുന്നു. സമരത്തെ മറ്റാരോ നിയന്ത്രിക്കുന്നു എന്നു തോന്നുന്ന വിധമായിരുന്നു കാര്യങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ബാഹ്യശക്തികളുടെ ഇടപെടല്‍ സംബന്ധിച്ച് കേന്ദ്ര അന്വേഷണം വേണമെന്ന് യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ ബാബു തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് മത്സ്യത്തൊഴിലാളികളെയല്ലെന്ന് കെ ബാബു പറഞ്ഞു. പാരിസ്ഥിതിക പഠനത്തിനെതിരെ നില്‍ക്കുന്നവരെപ്പറ്റിയാണ് പറഞ്ഞതെന്നും ബാബു വ്യക്തമാക്കി. താനും മത്സ്യത്തൊഴിലാളികളെയല്ല ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രിയും മറുപടി പറഞ്ഞു. 

സര്‍ക്കാരിന് ഒരു കാര്യത്തിലേ കടുംപിടുത്തമുള്ളൂ. അത് പദ്ധതി നിര്‍ത്തിവെക്കാനാവില്ല എന്നതാണ്. വിഴിഞ്ഞം പദ്ധതി 80 ശതമാനത്തോളം പൂര്‍ത്തിയായ ഘട്ടത്തില്‍ അത് നിര്‍ത്തിവെക്കണമെന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. സംഘര്‍ഷത്തിലും സംയമനത്തിന്റെ അതിരുവിട്ട് ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കേസില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ല. വ്യക്തികളുടെ മുഖം നോക്കിയല്ല നിയമനടപടി സ്വീകരിക്കുന്നത്. വിഴിഞ്ഞത്തെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ സര്‍ക്കാര്‍ ക്ഷണിച്ചിട്ടില്ല. തുറമുഖം നിര്‍മ്മിക്കുന്ന അദാനി ഗ്രൂപ്പാണ് കേന്ദ്രസേനയെ ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അദാനിയും സര്‍ക്കാരും തമ്മില്‍ ധാരണയെന്ന് സതീശൻ

വിഴിഞ്ഞത്ത് അദാനിയും സര്‍ക്കാരും തമ്മില്‍ ധാരണയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചു. സൈന്യത്തെ വേണമെന്ന് അദാനി പറഞ്ഞു. എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. അദാനിയുടെ ഹര്‍ജി ഹൈക്കോടതിയിൽ വരുന്നതിന് നാലുദിവസം മുന്‍പ് ആര്‍ച്ച് ബിഷപ്പിനെതിരെ കേസെടുത്തു. നാല് ദിവസം മുൻപ് ആർച്ച് ബിഷപ്പിനും സഹായ മെത്രാനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. മൽസ്യതൊഴിലാളികളെ രാഷ്ട്രീയ നേതാക്കള ക്കാൾ ചേർത്ത് നിർത്തിയത് സഭാ നേതാക്കളാണെന്നും സതീശൻ അടിയന്തര പ്രമേയ ചർച്ചയിൽ പറഞ്ഞു.

മന്ത്രിസഭയിലെ ഒരു അംഗത്തിന്റെ സഹോദരന്റെ ചിത്രം തീവ്ര നിലപാടുകാരനായി പ്രസിദ്ധീകരിച്ചത് പാർട്ടി പത്രമാണ്. മന്ത്രിയുടെ സഹോദരനും തീവ്രവാദിയായോ? ഫാ തീയോഡേഷ്യസിന്റെ പ്രസ്താവന പ്രതിപക്ഷം ഒന്നടങ്കം അപലപിച്ചു. വീണ്ടും ആളിക്കത്തിക്കാൻ ഉള്ള ശ്രമം നടത്തരുത്. പുനരധിവാസത്തിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്. പാക്കേജിലെ 475 കോടിയിൽ 375 കോടിയും പുനരധിവാസത്തിനാണ്. വിഴിഞ്ഞത്ത് ആദ്യം പുനരധിവാസം വേണം. വികസനത്തിന്റെ ഇരകളെ സംരക്ഷിക്കണം. മത്സ്യതൊഴിലാളികൾ വികസനത്തിന്റെ ഇരകളാണ്. ചർച്ച ചെയ്യില്ല എന്ന നിലപാട് തിരുത്തണം. മുഖ്യമന്ത്രി ചർച്ചയ്ക്ക് മുൻ കൈ എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com