പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ റെയ്ഡ്; ആയുധങ്ങളും മൊബൈല്‍ ഫോണും കണ്ടെത്തി. 5 പേര്‍ കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th December 2022 07:11 PM  |  

Last Updated: 29th December 2022 07:11 PM  |   A+A-   |  

popular_front

പ്രതീകാത്മക ചിത്രം

 

തിരുവനന്തുപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളുടെ വീടുകളില്‍ നടന്ന റെയ്ഡില്‍ 5 പേര്‍ കസ്റ്റഡിയില്‍. എറണാകുളം എടവനക്കാട് സ്വദേശി മുബാറക്ക്, തിരുവനന്തപുരം വിതുരയിലെ നേതാവിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുല്‍ഫി, സഹോദരന്‍ സുധീര്‍, ജോലിക്കാരനായ കരമന സ്വദേശി സലീം എന്നിവരും പിടിയിലായി.

സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ ആയുധങ്ങളും മൊബൈല്‍ ഫോണുകളും രേഖകളും പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗങ്ങള്‍, മേഖല ഭാരവാഹികള്‍, കായിക, ആയുധ പരിശീലകര്‍, ആയുധ പരിശീലനം ലഭിച്ചവര്‍ എന്നിവരുള്‍പ്പെടെ 56 പേരുടെ വീടുകളിലായിരുന്നു റെയ്ഡ്. ഇടുക്കിയും കാസര്‍കോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും പുലര്‍ച്ചെ രണ്ടു മണി മുതല്‍ പരിശോധന ആരംഭിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തീവ്രവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ കൊച്ചിയില്‍ റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

എറണാകുളം ജില്ലയിലാണ് കൂടുതല്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്.തിരുവനന്തപുരം ജില്ലയില്‍ നിന്ന് കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യാനായി കൊച്ചിയിലെ എന്‍ഐഎ ഓഫിസില്‍ എത്തിച്ചു. 
പിഎഫ്‌ഐയുടെ നിരോധനത്തിന് ശേഷം ഇതാദ്യമായാണ് എന്‍ഐഎ സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 'ചന്ദനക്കുറി തൊടുന്നവര്‍ വിശ്വാസികള്‍'; ആന്റണി നടത്തിയത് ബിജെപിയുടെ ബി ടീം എന്ന പരസ്യപ്രഖ്യാപനം: എംവി ഗോവിന്ദന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ