മുഖ്യമന്ത്രി പിണറായി വിജയനെ എക്സ്പോയിലേക്ക് സ്വീകരിച്ച് യുഎഇ ഭരണാധികാരി; മലയാളത്തിൽ ട്വീറ്റ്
By സമകാലിക മലയാളം ഡെസ്ക് | Published: 03rd February 2022 06:25 AM |
Last Updated: 03rd February 2022 06:40 AM | A+A A- |

ചിത്രം; ഫേയ്സ്ബുക്ക്
ദുബായ്; കേരള മുഖ്യമന്ത്രി പിണറായി വിജയനെ എക്‌സ്‌പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. എക്സ്പോയിൽ എത്തിയ മുഖ്യമന്ത്രിയെ നേരിട്ടാണ് ശൈഖ് മുഹമ്മദ് സ്വീകരിക്കാൻ എത്തിയത്. തുടർന്ന് പിണറായി വിജയനെ സ്വീകരിച്ച വിവരം അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ മലയാളത്തിൽ അറിയിച്ചു.
കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്‌സ്‌പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. - അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് പിണറായി വിജയനും അറബിയിൽ ട്വീറ്റ് ചെയ്തു.
കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്‌സ്‌പോ 2020-ലെ ‘കേരള വീക്കി’ൽ സ്വീകരണം നൽകിയപ്പോൾ. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയിൽ കേരളീയർ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. pic.twitter.com/wIeJA5DpEy
— HH Sheikh Mohammed (@HHShkMohd) February 2, 2022
കേരളത്തിൻ്റെ വികസനത്തിൽ യു.എ.ഇ നൽകി വരുന്ന പിന്തുണയ്ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷം ഒരുങ്ങുന്ന കേരളത്തിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ മുൻകൈയ്യെടുക്കണമെന്നു അഭ്യർഥിക്കുകയും ചെയ്തു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കോൺസൽ ജനറൽ അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം.എ യൂസഫ് അലി എന്നിവരും സന്നിഹിതരായിരുന്നു.