ഇന്ന് ലോക അർബുദ ദിനം; കേരളത്തിൽ പ്രതിവർഷം 60,000ത്തോളം പുതിയ കാൻസർ രോഗികൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2022 09:26 AM |
Last Updated: 04th February 2022 09:26 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വർഷം പുതുതായി 60,000 പേർക്കു കാൻസർ രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കാൻസർ ചികിത്സാ രംഗത്തെ വെല്ലുവിളികൾ നേരിടുന്നതിന് സർക്കാർ ക്രിയാത്മക ഇടപെടലുകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ന് ലോക അർബുദ ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിലാണു മന്ത്രിയുടെ പ്രതികരണം. 'കാൻസർ പരിചരണ അപര്യാപ്തകൾ നികത്താം' എന്നതാണ് ഈ വർഷത്തെ ലോക കാൻസർ ദിന സന്ദേശം.
നിലവിൽ നാല് ലക്ഷത്തോളം കാൻസർ രോഗികളാണ് സംസ്ഥാനത്തുള്ളത്. റിപ്പോർട്ട് ചെയ്യുന്ന 60,000 പേരിൽ 30,000– 40,000 പേർക്കും ശസ്ത്രക്രിയ അനിവാര്യമാണെന്ന് കേരള അസോസിയേഷൻ ഓഫ് സർജിക്കൽ ഓങ്കോളജിയുടെ റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചതു കാൻസർ പോലെയുള്ള രോഗങ്ങൾ ബാധിച്ചവരെയാണെന്നും വീണാ ജോർജ് പറഞ്ഞു. കാൻസർ രോഗ നിയന്ത്രണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു കാൻസർ ബോർഡ് രൂപീകരിക്കുകയും ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലായി 24 കേന്ദ്രങ്ങളിൽ നിന്ന് കാൻസർ ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു. എല്ലാ ജില്ലകളിലും ആരംഭിച്ചിട്ടുള്ള ജില്ലാ കാൻസർ കെയർ സെന്ററുകളിലൂടെ കീമോ തെറാപ്പിയുൾപ്പെടെയുള്ള ചികിത്സ സൗജന്യമായി നടപ്പിലാക്കുന്നുണ്ട്.