മദ്യപിച്ച് ബഹളമുണ്ടാക്കി; തടയാനെത്തിയ പൊലീസിനെ ആക്രമിച്ച് ​ഗുണ്ട; സാഹസികമായി പിടികൂടി

മദ്യപിച്ച് ബഹളമുണ്ടാക്കി; തടയാനെത്തിയ പൊലീസിനെ ആക്രമിച്ച് ​ഗുണ്ട; സാഹസികമായി പിടികൂടി
മുനീർ
മുനീർ

കാസർക്കോട്: ബാറിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത്  തടയാനെത്തിയ പൊലീസുകാർക്ക് നേരെ ​ഗുണ്ടയുടെ ആക്രമണം. എസ്‌ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റു. നുള്ളിപ്പാടിയിൽ ദേശീയ പാതക്ക് സമീപം പ്രവർത്തിക്കുന്ന ബാർ ഹോട്ടലിൽ ഇന്നലെ സന്ധ്യയോടെയാണ് സംഭവം. നെറ്റിയിൽ മുറിവേറ്റ ടൗൺ എസ്ഐ എംവി വിഷ്ണു പ്രസാദ് ഉൾപ്പെടെ ആശുപത്രിയിൽ ചികിത്സ തേടി. 

അക്രമം നടത്തിയ കാസർകോട് ബെദിര സ്വദേശിയായ മുന്നയെ (മുനീർ–35) പൊലീസ് സാഹസികമായി പിടികൂടി. മദ്യ ലഹരിയിൽ ബാറിൽ ബഹളം വച്ച് അക്രമം നടത്തുകയാണെന്ന ബാർ അധികൃതരുടെ പരാതിയെ തുടർന്നു പ്രതിയെ പിടികൂടാനായി ഫ്ലയിങ് സ്ക്വാഡിലെ സിവിൽ പൊലീസ് ഓഫീസർമാരായ കെ ബാബുരാജ്, കെ സജിത്ത് എന്നിവരാണ് ആദ്യം എത്തിയത്. 

എന്നാൽ, പൊലീസിനു നേരെയും പ്രതി അക്രമം അഴിച്ചുവിട്ടു. തുടർന്ന് സമീപത്തെ ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ടൗൺ എസ്ഐ  എംവി വിഷ്ണു പ്രസാദും ഡ്രൈവർ സനീഷും എത്തി. 

എസ്ഐ എത്തിയിട്ടും അക്രമം തുടർന്ന പ്രതി സമീപത്തു നിർത്തിയിട്ടിരുന്ന കാറിന്റെ വൈപ്പർ ഊരി എസ്ഐ ഉൾപ്പെടെയുള്ളവർക്കെതിരെ വീശി. ഇതിന്റെ അറ്റം നെറ്റിയിൽ കൊണ്ടാണ് എസ്ഐക്കു പരിക്കേറ്റത്. പ്രതിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടും ബഹളം തുടർന്നു. ഒടുവിൽ ഏറെ പണിപ്പെട്ടാണു സെല്ലിലേക്കു മാറ്റിയത്. 10 ക്രിമിനൽ കേസുകളിൽ പ്രതിയാണു മുന്ന എന്നു പൊലീസ് പറ‍ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com