അതിരപ്പിള്ളി കാട്ടാന ആക്രമണം: വന്യമൃഗ ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ സമിതികള്‍, ട്രഞ്ച്, ആനമതില്‍; തൃശൂരില്‍ സര്‍വ്വകക്ഷി യോഗം- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th February 2022 09:53 PM  |  

Last Updated: 08th February 2022 09:53 PM  |   A+A-   |  

athirappilly wild elephant attack

തൃശൂരില്‍ മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം

 

തൃശ്ശൂര്‍:  ജില്ലയിലെ വന്യമൃഗ ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ സമിതികള്‍ ഉടന്‍ രൂപീകരിക്കാന്‍ തീരുമാനം. പ്രദേശങ്ങളുടെ സ്വഭാവം അനുസരിച്ച് സോളാര്‍ റെയില്‍ ഫെന്‍സിങ്ങുകള്‍, ആനമതില്‍ ഉള്‍പ്പടെയുള്ളവ സ്ഥാപിക്കും. അതിരപ്പിള്ളി കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രി കെ രാധാകൃഷ്ണന്റെ സാനിധ്യത്തില്‍ തൃശ്ശൂര്‍ കളക്ട്രേറ്റില്‍  ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന്റേതാണ് തീരുമാനം.

ആവശ്യം ഉള്ള ഇടങ്ങളില്‍ ട്രഞ്ച് , ആനമതില്‍ ഉള്‍പ്പടെയുള്ളവ സ്ഥാപിക്കും. വനം മന്ത്രി അടുത്ത ദിവസം തന്നെ അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ കാട്ടാന ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കും. വന്യമൃഗങ്ങളെ പ്രതിരോധിക്കാനായി വളന്ററി ഫോഴ്‌സ് രൂപീകരിക്കും .വനപാലകരുടെ സേവനം കാര്യക്ഷമമാക്കി വ്യത്യസ്ത രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും. വനം വകുപ്പ് ജീവനക്കാരുടെ അംഗ സംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലയില്‍ അപകടകാരികളായുള്ളത് മൂന്ന് കാട്ടാനകളാണെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചതനുസരിച്ച് ഇവയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കാനും തീരുമാനമായി.

യോഗത്തില്‍ ടി.ജെ.സനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവീസ്, കളക്ടര്‍ ഹരിത വി കുമാര്‍ എന്നിവരും പങ്കെടുത്തു. തിങ്കളാഴ്ച്ച  വൈകീട്ടാണ് അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ചുവയസ്സുകാരി മരിച്ചത്. കാട്ടാനകളുടെ ആക്രമണത്തിനെതിരെ ശാശ്വത നടപടിയാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതല്‍ റോഡ് ഉപരോധ സമരം നടത്തിയിരുന്നു.