അ​ഗസ്ത്യാർകൂടം ട്രക്കിങ്; ഓൺലൈൻ ബുക്കിങ് ഇന്നു മുതൽ 

By സമകാലിക മലയാളം ഡെസ്ക്  |   Published: 10th February 2022 09:44 AM  |  

Last Updated: 10th February 2022 09:44 AM  |   A+A-   |  

Agasthyarkoodam

ഫയല്‍ ചിത്രം

 

തിരുവനന്തപുരം; കോവിഡ് വ്യാപനത്തെ തുടർന്ന് അ​ഗസ്ത്യാർകൂടം ട്രക്കിങ്ങിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി. ട്രക്കിങ്ങിനായി ഇന്നു മുതൽ ഓൺലൈനായി ബുക്കിങ് പുനരാരംഭിക്കാം. കോവിഡ് രൂക്ഷമായതോടെ തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ കർശമനമാക്കിയപ്പോഴാണ് അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിനുള്ള ബുക്കിങ് താൽക്കാലികമായി നിർത്തിവച്ചത്. 

25 പേർക്കുകൂടി ഓൺലൈൻ ബുക്കിങ്

ഫെബ്രുവരി 11 മുതൽ 26 വരെയുള്ള കാലയളവിൽ 25 പേർക്കുകൂടി ഓൺലൈൻ ബുക്കിങ് നടത്താം. യാത്രയ്ക്ക് തയാറാകുന്നവർക്ക് www.forest.kerala.gov.in എന്ന വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ serviceonline.gov.in/trekking ലോ ഇന്ന് രാവിലെ 11മണി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാവും യാത്ര. 

കൊടുംവനത്തിലൂടെ 27 കിലോമീറ്റർ നടക്കണം

കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് റൂട്ടുകളില്‍ ഒന്നാണ് അഗസ്ത്യാർകൂടം. അപൂര്‍വമായ സസ്യങ്ങളും ജീവജാലങ്ങളും ഉള്ള പ്രദേശമായതിനാല്‍ ഇവിടേക്ക് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു മാസം കര്‍ശന നിയന്ത്രണങ്ങളോടെ ഇവിടേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാറുണ്ട്. കൊടുംവനത്തിനുള്ളിലൂടെ 27 കിലോമീറ്റർ നടന്നാണ് അ​ഗസ്ത്യാർകൂടത്തിന്റെ മുകളിൽ എത്തുന്നത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 6200 അടി ഉയരത്തിലാണ് അഗസ്ത്യാർകൂടം.