വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ ചികിത്സയ്ക്കിടെ രക്ഷപ്പെട്ടു; തിരച്ചില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th February 2022 02:47 PM  |  

Last Updated: 10th February 2022 02:47 PM  |   A+A-   |  

Prisoner escapes treatment

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ ചികിത്സയ്ക്കിടെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. പീഡനക്കേസ് പ്രതിയായ ഉത്തര്‍പ്രദേശ് സ്വദേശി ഫായിന്‍ ആണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് രക്ഷപ്പെട്ടത്.

2021ലാണ് പ്രതി അറസ്റ്റിലായത്. കൊച്ചി ജില്ലാ ജയിലില്‍ നിന്ന് ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇതിനിടെയാണ് ശ്വാസകോശസംബന്ധമായ അസുഖമുണ്ടെന്നും ചികിത്സവേണമെന്നും പ്രതി ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടത്. ഇന്ന് രാവിലെയാണ് പ്രതിയെ ചികിത്സയ്ക്കായി തൃശൂര്‍ ആശുപത്രിയിലെത്തിയത്. ഉച്ചയോടെ ചികിത്സയിലിരിക്കെയാണ് ജയിലധികൃതരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്.

ജയിലിലെ മറ്റ് തടവുകാരും ഇവിടെ ചികിത്സയ്ക്കായി എത്തിയിരുന്നു. അപ്പോഴാണ് പ്രതി മുങ്ങിയത്. കൊച്ചിയിലെ പീഡനക്കേസ് പ്രതിയാണ് ഫായിന്‍ എന്നാണ് പൊലീസ് പറയുന്നത്. പ്രതിയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. റെയില്‍വെ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് തുടങ്ങി പ്രതി രക്ഷപ്പെടാന്‍ സാധ്യതയുള്ള എല്ലായിടത്തും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.