സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായി എത്തണമെന്ന് തിട്ടൂരമില്ലെന്ന് വിദ്യാഭ്യാസമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2022 10:59 AM |
Last Updated: 14th February 2022 10:59 AM | A+A A- |

വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ 21ാം തീയതി മുതല്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ വിദ്യാര്‍ഥികളും സ്‌കൂളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ എല്ലാവരും നിര്‍ബന്ധപൂര്‍വം സ്‌കൂളില്‍ എത്തണമെന്ന തിട്ടൂരമൊന്നും സര്‍ക്കാര്‍ ഇറക്കിയിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് സ്‌കൂളുകള്‍ തുറന്നപ്പോള്‍ നല്ല നിലയിലുള്ള പങ്കാളിത്തമുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. സമയബന്ധിതമായി ക്ലാസുകള്‍ പൂര്‍ത്തിയാക്കി കൃത്യസമയത്ത് തന്നെ പരീക്ഷ നടത്തും. ചില അധ്യാപകസംഘടനകളുടെ അനാവശ്യമായ പ്രസ്താവനകള്‍ക്ക് മറുപടി പറയാനില്ലെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച എല്ലാ കുട്ടികളും സ്‌കൂളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ ആദ്യദിവസങ്ങളില്‍ കുട്ടികളുടെ കുറവുണ്ടായാലും രണ്ട് മൂന്ന് ദിവസത്തിനകം എല്ലാ കുട്ടികളും സ്‌കൂളിലെത്തുന്ന സാഹചര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഇന്നുമതുല്‍ 1- 9 ക്ലാസുകള്‍ ആരംഭിച്ചു. ബാച്ച് തിരിച്ച് ഉച്ചവരെയാണ് ക്ലാസുകള്‍. പ്രീ െ്രെപമറി, അങ്കണവാടി ക്ലാസുകളും ഇന്നുമുതല്‍ തുടങ്ങി. 1മുതല്‍ 9വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസ് ഉച്ചയ്ക്ക് ശേഷം നടത്തും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങള്‍ ഒഴിച്ച് എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും.