നിർത്തിയിട്ട ബസിൽനിന്ന് ബാറ്ററികൾ മോഷ്ടിച്ചു, 4150 രൂപക്ക് വിറ്റു; ബെംഗളൂരുവിലേക്ക് കടന്ന പ്രതി ഒടുവിൽ പിടിയിലായി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2022 08:53 AM  |  

Last Updated: 19th February 2022 08:53 AM  |   A+A-   |  

bus_battery_stolen

സുമേഷ്

 

തൃശ്ശൂർ: നിർത്തിയിട്ട ബസിൽനിന്ന് ബാറ്ററികൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ. വടൂക്കര നെല്ലിപ്പറമ്പിൽ സുമേഷ്(32) ആണ് അറസ്റ്റിലായത്. നിരവധി ബസുകളിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന ഇയാൾ ശങ്കരയ്യർ റോഡിൽ നിർത്തിയിട്ട ബസിൽനിന്നാണ് ബാറ്ററികൾ മോഷ്ടിച്ചത്. 

കഴിഞ്ഞ നാലാം തിയതി കോട്ടപ്പുറം അമ്പാടിമഠം വീട്ടിൽ രാമചന്ദ്രന്റെ ബസിൽനിന്നാണ് ബാറ്ററികൾ മോഷണം പോയത്. ഇവ പടിഞ്ഞാറെകോട്ട കാൽവരി റോഡിലെ കടയിൽനിന്നാണ് കണ്ടെടുത്തത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സുമേഷ് പിടിയിലായത്. 

ബസിൽനിന്ന് മോഷ്ടിച്ച ബാറ്ററികൾ ശക്തൻ സ്റ്റാൻഡിലെ ബാറിന് സമീപം പുല്ലുകൾക്ക് ഇടയിൽ ഒളിപ്പിച്ചു. ഇവിടെനിന്ന് ഓട്ടോയിൽ പടിഞ്ഞാറെകോട്ടയിലെ കടയിലെത്തി ബാറ്ററി വിറ്റു. പഴയ ബാറ്ററിയാണെന്ന് പറഞ്ഞ് 4150 രൂപയാണ് വില വാങ്ങിയത്. ഓട്ടോ വാടകയായി 350 രൂപ നൽകിയതായി ഡ്രൈവർ പൊലീസിനോട് പറഞ്ഞു. ബാറ്ററി വിറ്റ് കിട്ടിയ പണവുമായി സുഹൃത്തിനൊപ്പം ബെംഗളൂരുവിലേക്ക് പോയ സുമേഷ് ഒരു കടയിൽ ജോലിയ്ക്ക് കയറി. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് പൊലീസ് ഇയാളെ പിടികൂടിയത്.