'കൊല്ലുമെന്ന് പറഞ്ഞതുപോലെ അവര്‍ ചെയ്തു; പുറകിലൂടെ അടിക്കുകയായിരുന്നു'; ദൃക്‌സാക്ഷിയെന്ന് ദീപുവിന്റെ അച്ഛന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th February 2022 01:45 PM  |  

Last Updated: 20th February 2022 01:49 PM  |   A+A-   |  

deepu_twenty_201

ഫയല്‍ ചിത്രം

 

കൊച്ചി: മകനെ മര്‍ദ്ദിക്കുന്നതിന് താന്‍ ദൃക്‌സാക്ഷിയെന്ന് കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ദീപുവിന്റെ അച്ഛന്‍ കുഞ്ഞാറു. കൊല്ലുമെന്ന് പറഞ്ഞാണ് മകനെ മര്‍ദിച്ചത്. ഭീഷണി ഭയന്ന് അന്നേദിവസം മകനെ ആശുപത്രിയിലേക്ക് അയച്ചില്ല. പേടിച്ചാണ് തങ്ങള്‍ വീട്ടില്‍ കഴിഞ്ഞിരുന്നതെന്നും കുഞ്ഞാറു പറഞ്ഞു.

വൈകുന്നേരം ക്ഷേത്രത്തില്‍ വഴിപാട് കഴിച്ച് തിരിച്ചെത്തി വീട്ടിലെത്തിയപ്പോഴാണ് റോഡിന്റെ ഭാഗത്ത് നിന്ന് ശബ്ദം കേട്ടത്. ഓടിപ്പോയി നോക്കിയപ്പോള്‍ മകനെ ഒരു സംഘം ആളുകള്‍ മതിലില്‍ ചാരിനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. തീര്‍ക്കും, കൊന്നുകളയും എന്നൊക്കെയായിരുന്നു ഭീഷണി. അവരുടെ ഇടയിലേക്ക് കയറി അവനെ പിടിച്ചുമാറ്റി. അച്ഛനെ ഓര്‍ത്താണ് കൊല്ലാതിരുന്നതെന്ന് അവര്‍ പറഞ്ഞു. ശനിയാഴ്ചയായിരുന്നു സംഭവം. 

ദീപുവിനേയും കൊണ്ട് വീട്ടിലേക്ക് വന്നെങ്കിലും പേടികൊണ്ട് അവനെ ആശുപത്രിയിലേക്ക് അയച്ചില്ല. അക്കാരണത്താല്‍ അടുത്ത ദിവസം മകന്‍ തന്നോട് മിണ്ടിയതുപോലുമില്ല. ഭക്ഷണം പോലും കഴിച്ചില്ല. തിങ്കളാഴ്ച താന്‍ ആശുപത്രിയില്‍ പോയി വരുമ്പോള്‍ ദീപുവും അമ്മയും കൂടി കരഞ്ഞിരിക്കുന്നതാണ് കണ്ടത്. ആശുപത്രിയില്‍ പോകാന്‍ സമ്മതിച്ചെങ്കില്‍ അവന്‍ രക്ഷപ്പെട്ടേനെ എന്നാണ് അവര്‍ പറഞ്ഞത്. പിന്നെ എനിക്ക് എന്റെ മകനെ കാണാന്‍ സാധിച്ചില്ല പിതാവ് കരഞ്ഞുകൊണ്ട് പറഞ്ഞു.