'ഒരുപാട് പേര്‍ സഹായവുമായെത്തി; എന്നാല്‍ ചിലര്‍ കുറ്റപ്പെടുത്തുന്നു'; മുത്തപ്പന്‍ ചേര്‍ത്തു പിടിച്ച റംലത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th February 2022 10:31 AM  |  

Last Updated: 24th February 2022 10:31 AM  |   A+A-   |  

muthappan_theyyam

ഫയല്‍ ചിത്രം


മുസ്ലിം വിഭാഗത്തില്‍പ്പെട്ട സ്ത്രീയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന മുത്തപ്പന്‍ തെയ്യത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. കാസര്‍കോട് വലിയ പറമ്പ സ്വദേശിനി എം ടി റംലത്തിനെയാണ് മുത്തപ്പന്‍ തെയ്യം ആശ്വസിപ്പിച്ചത്. മനസ്സില്‍ നിറയെ ആധിയുമായാണ് റംലത്ത് നിന്നിരുന്നത്. അയല്‍വാസിയായ പി വി ബാലകൃഷ്ണന്റെ വീട്ടില്‍ വെച്ചാണ് മുത്തപ്പന്‍ തെയ്യം റംലത്തിനെ അനുഗ്രഹിച്ചത്. 

രണ്ട് വര്‍ഷം മുന്‍പ് റംലത്തിന്റെ ഭര്‍ത്താവ് അബ്ദുള്‍ കരീമിന് ജോലി നഷ്ടമായി. മുംബൈയിലെ ഹോട്ടല്‍ തൊഴിലാളിയായിരുന്നു കരീം. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍മക്കളുമാണ് ഉള്ളത്. സാമ്പത്തികമായി വളരെ ഞെരുക്കത്തിലാണ് കുടുംബം. ഈ സങ്കടം കാരണമാണ് റംലത്ത് മുത്തപ്പന്‍ തെയ്യത്തെ കാണാന്‍ പോയത്. 

'വീഡിയോ എടുത്തത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് വൈറല്‍ ആയതിന് ശേഷം ഒരുപാട് പേര്‍ ഞങ്ങള്‍ക്ക് സഹായ വാഗ്ദനാനവുമായെത്തി. എന്നാല്‍ ഇടുങ്ങിയ ചിന്താഗതിക്കാരായ ചിലര്‍ എനിക്കെതിരെ രംഗത്തുവന്നു. പക്ഷേ ഞാനതൊന്നും കാര്യമാക്കി എടുക്കുന്നില്ല'- റംലത്ത് ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 

അയല്‍വാസിയോടൊപ്പം റംലത്ത്
 

വണ്ണാന്‍ സമുദായ അംഗമായ സനി പെരുവണ്ണാനാണ് മുത്തപ്പന്‍ തെയ്യമായത്. എല്ലാ വിഭാഗത്തില്‍പ്പെട്ടവരും തെയ്യത്തെ കാണാനായി എത്താറുണ്ടെന്ന് അദ്ദേഹം പറയുന്നു. വീഡിയോ പുറത്തുവന്നതിന് ശേഷം തന്റെ ഫോണിന് വിശ്രമമേയില്ലെന്ന് പറയുന്നു സനി. 

മുഴുവന്‍ സമയ തെയ്യം കലാകാരന്‍ ആകുന്നതിന് മുന്‍പ് നീലേശ്വരം ചിന്‍മയ വിദ്യാലയത്തിലെ ചിത്രകലാ ആധ്യാപകന്‍ ആയിരുന്നു സനി. 
ഉത്സവങ്ങള്‍ എല്ലാം ഹിന്ദുക്കളും മുസ്ലിംകളും ഒരുമിച്ചാണ് നടത്തുന്നതെന്ന് വലിയപറമ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം അനില്‍ കുമാര്‍ കെ പറയുന്നു.