ഷവർമയ്ക്ക് പത്ത് രൂപ കൂടുതലെന്ന് പറഞ്ഞ് തർക്കം, കത്തിക്കുത്ത്; 30,000 രൂപയുടെ നാശനഷ്ടം; മൂന്നു പേർ അറസ്റ്റിൽ

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തുള്ള റസ്റ്റോറന്റിലാണ് അക്രമസംഭവം അരങ്ങേറിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി; ഹോട്ടലിൽ പത്തു രൂപയുടെ പേരിലുണ്ടായ തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ. സംഭവവുമായി ബന്ധപ്പെട്ട് ആവണംകോട് സ്വദേശികളായ ആലക്കട കിരൺ (25), ചെറുകുളം നിഥിൻ (27), അണിയങ്കര വിഷ്ണു (24) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തുള്ള റസ്റ്റോറന്റിലാണ് അക്രമസംഭവം അരങ്ങേറിയത്. 

ഷവർമക്കു 10 രൂപ അധികം വാങ്ങി എന്ന തർക്കമാണ് കത്തിക്കുത്തിലും അക്രമത്തിലും കലാശിച്ചത്. കടയിലെ വസ്തുവകകൾ നശിപ്പിച്ച ഇനത്തിൽ മുപ്പതിനായിരത്തിലേറെ രൂപയുടെ നഷ്ടവുമുണ്ട്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കടയുടമ അബ്ദുൽ ഗഫൂർ, മക്കളായ മുഹമ്മദ് റംഷാദ്, യാസർ എന്നിവർക്കു മർദനത്തിലും കത്തിക്കുത്തിലും പരുക്കേറ്റു. മുഹമ്മദ് റംഷാദ് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്. തലയിലും മറ്റു ശരീരഭാ​ഗങ്ങളിലുമായി 40 തുന്നിക്കെട്ടലുമുണ്ട്. 

പ്രതികളുടെ പേരിൽ നേരത്തെ അബ്കാരി, കഞ്ചാവ് കേസുകൾ ഉണ്ടെന്നു പൊലീസ് പറഞ്ഞു. ഒളിവിലായിരുന്ന പ്രതികളെ ശ്രീഭൂതപുരത്തു പ്രവർത്തിക്കാതെ കിടക്കുന്ന ഇഷ്ടികക്കളത്തിൽ നിന്നും ആവണംകോട്ട് കപ്പത്തോട്ടത്തിൽ നിന്നുമാണു പിടികൂടിയത്. ഇൻസ്പെക്ടർ പി.എം.ബൈജു, എസ്ഐ ജയപ്രസാദ്, എഎസ്ഐ പ്രമോദ്, സിപിഒമാരായ ജോസഫ്. ജിസ്മോൻ, അബ്ദുൽ ഖാദർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com