ഉണ്ണി മുകന്ദന്റെ വീട്ടിലെ റെയ്ഡ് ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട്; അന്വേഷണം നടത്തുന്നത് 1200 കോടി വെട്ടിച്ച കേസില്‍: ഇഡി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2022 04:56 PM  |  

Last Updated: 05th January 2022 04:56 PM  |   A+A-   |  

unni_mukundan

ഉണ്ണി മുകുന്ദന്‍/ഫയല്‍


കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത് കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പരിശോധനയില്‍ കറന്‍സിയും വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തു. 1200 കോടിരൂപയുടെ മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി പതിനൊന്നിടങ്ങളിലാണ് ഇന്നലെ ഇഡി പരിശോധന നടത്തിയത്. അതേസമയം, പുതിയ സിനിമയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചായിരുന്നു അന്വേഷണമെന്നും രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു.

മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 1200 കോടിയിലധികം രൂപ പലരില്‍ നിന്നായി തട്ടിച്ച സംഭവത്തില്‍ കണ്ണൂര്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മലപ്പുറം സ്വദേശിയായ കെ നിഷാദാണ് കേസിലെ പ്രധാന പ്രതി. ഇയാള്‍ നിലവില്‍ ഒളിവിലാണ്.

സംഭവത്തില്‍ കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. ഉണ്ണി മുകുന്ദന്‍ സിനിമാസ് പ്രൈവറ്റ് ലിമിറ്റഡെന്ന കമ്പനിയുമായി നിഷാദിന് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഉണ്ണിയുടെ വീട്ടിലും ഓഫീസിലും പരിശോധന നടത്തിയത്. 

കൊച്ചിയില്‍ അന്‍സാരി നെക്‌സ്‌ടെല്‍, ട്രാവന്‍കൂര്‍ ബില്‍ഡേഴ്‌സ്, എലൈറ്റ് എഫ്എക്‌സ് എന്നീ സ്ഥാപനങ്ങളിലും, മലപ്പുറത്ത് മോറിസ് ട്രേഡിംഗ്, സ്റ്റോക്‌സ് ഗ്ലോബല്‍ എന്നീ സ്ഥാപനങ്ങളുടെ ഉടമകളുടെ വീട്ടിലും പരിശോധനകള്‍ നടന്നു. തമിഴ്‌നാട്ടില്‍ മധുരയിലെയും ചെന്നൈയിലെയും വിവിധ സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് വിവിധ ആളുകളുടെ അറസ്റ്റടക്കം ഉടനുണ്ടാകുമെന്നാണ് ഇഡി നല്‍കുന്ന സൂചന.