'മി(നി)സ്റ്റർ മരുമകന് എതിരെ കേസ് എടുക്കണം'; എടപ്പാൾ മേൽപ്പാല ഉദ്ഘാടനത്തിനെതിരെ ബിന്ദു കൃഷ്ണ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2022 08:15 AM  |  

Last Updated: 09th January 2022 08:15 AM  |   A+A-   |  

bindhu_krishna_riyas

ചിത്രം; ഫേയ്സ്ബുക്ക്

 


കൊച്ചി; പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസെടുക്കണമെന്ന് കോൺ​ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടനത്തെത്തിയ ആൾക്കൂട്ടം വലിയ വിവാദമായതിനു പിന്നാലെയാണ് പരി​ഹാസവുമായി രം​ഗത്തെത്തിയത്. മി(നി)സ്റ്റർ മരുമകന് എതിരെ കേസ് എടുക്കാൻ ആരോഗ്യവകുപ്പ് മന്ത്രി ആഭ്യന്തര വകുപ്പിനോട് ശുപാർശ ചെയ്യണമെന്നാണ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടത്. ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന ജനങ്ങളെ കൊള്ളയടിച്ചവരാണ് ആഭ്യന്തര വകുപ്പെന്നും ഫേയ്സ്ബുക്കിൽ കുറിച്ചു. 

ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടുന്ന ജനങ്ങളെ കൊള്ളയടിച്ച ആഭ്യന്തര വകുപ്പിനോട് മി(നി)സ്റ്റർ മരുമകന് എതിരെ കേസ് എടുക്കാൻ ആരോഗ്യവകുപ്പ് മന്ത്രി ശുപാർശ്ശ ചെയ്യണം.- ബിന്ദു കൃഷ്ണ കുറിച്ചു. എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു വിമർശനം.  

സ്വപ്ന പദ്ധതിയെ നെഞ്ചേറ്റി നാട്ടുകാർ

കൊവിഡ് കേസുകൾ സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോൾ വലിയ ആൾക്കൂട്ടമാണ് എടപ്പാൾ മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഉണ്ടായത്. അതേസമയം, പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഒടുവില്‍ സ്വപ്ന പദ്ധതിയായ എടപ്പാള്‍ മേല്‍പ്പാലം യാതാർത്ഥ്യമായതിന്റെ ആഘോഷത്തിലാണ് നാട്ടുകാർ. 13.6 കോടി രൂപ ചെലവിലാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലയിലെ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായുള്ള ആദ്യ മേല്‍പ്പാലമാണ് എടപ്പാളില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ളത്.