'അത്യാവശ്യമല്ലാത്ത ഒരു പാളത്തിനായി അതിവേഗം ഓടി നടക്കുമ്പോള്‍, തകരുന്ന വീടുകളും സമ്പാദ്യങ്ങളും ആഢംബരത്തില്‍ കെട്ടി പൊക്കിയ സ്വപ്നങ്ങളല്ല'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2022 10:11 AM  |  

Last Updated: 10th January 2022 10:11 AM  |   A+A-   |  

silver line project

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: സംസ്ഥാനസര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ കെ റെയിലിനെതിരെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രംഗത്ത്. പറന്നെത്താനായി ഒന്നര മണിക്കൂര്‍ അകലെ മാത്രം നില്‍ക്കുന്നിടത്തേക്ക് നാലു മണിക്കൂര്‍ കൊണ്ടോടിയെത്താനായി തിടുക്കപ്പെടുമ്പോള്‍ ആ ഓട്ടത്തിന് വെറും  കാഴ്ചക്കാരാകാന്‍ മാത്രമായി നില്‍ക്കുന്ന ഒരു വലിയ ജനസഞ്ചയം കോവിഡില്‍  പാളം തെറ്റി പണിയില്ലാതെ അലയുന്നത് കാണാതെ പോകരുതെന്ന് രൂപേഷ് പന്ന്യന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെടുന്നു. 

ജപ്തികളുടെയും ജീവിതത്തിന്റെയും പാളത്തിനിടയില്‍ ഉത്തരമില്ലാത്ത ചോദ്യമായി കുരുങ്ങി കിടക്കുന്നതും മങ്ങിയ കാഴ്ചകളാകരുതൊരിക്കലും. അതിവേഗം പറന്നെത്താവുന്ന ആകാശയാത്ര മറന്ന് അത്യാവശ്യമല്ലാത്ത ഒരു പാളത്തിനായി അതിവേഗം ഓടി നടക്കുമ്പോള്‍ പാളത്തില്‍ തട്ടി മറിഞ്ഞു വീഴുന്ന വീടുകളും സമ്പാദ്യങ്ങളും ആഢംബരത്തില്‍ കെട്ടി പൊക്കിയ സ്വപ്നങ്ങളല്ല, അതൊരായുസ്സിന്റെ വിയര്‍പ്പിനാല്‍  തലചായ്ക്കാനായ് കെട്ടി പൊക്കിയതു മാത്രമാണെന്ന് മറന്നു പോകരുത് ...

കട്ടന്‍ ചായയും പരിപ്പുവടയും ഓര്‍മ്മകളായി പോലും ഓര്‍ക്കാനിഷ്ടപ്പെടാതെ, പകിട്ടു നോക്കി പറക്കുന്ന മനസ്സുകളുടെ കാഴ്ചകള്‍ക്ക് മുന്നില്‍ വികസന വിരുദ്ധനാകാം. കോവിഡിനാല്‍ പണി നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കാന്‍ വ്യവസായങ്ങളും തൊഴില്‍ ശാലകളുമാണ് തൊഴിലില്ലാത്ത
ഈ കാലത്ത് അത്യാവശ്യം. ചെലവുചുരുക്കി അകമ്പടി വാഹനമില്ലാതെ തെന്നി നീങ്ങുന്ന കമ്മ്യൂണിസ്റ്റ്  മന്ത്രിമാര്‍  ..അതാകണം ഈ കോവിഡു കാലത്തെ വികസന കാഴ്ചകള്‍. രൂപേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: 


ആശകളും
മോഹങ്ങളും ആഗ്രഹങ്ങളും അതിരുവിടുമ്പോള്‍
കാലത്തിനു മുമ്പെ പറക്കാനായി മനസ്സ് താനെ ചിറകുകള്‍ തുന്നി കൂട്ടും  ...
കാലത്തിനു മുമ്പേ പറക്കാന്‍ വെമ്പുന്ന മനസ്സുമായി നില്‍ക്കുന്നവര്‍ക്ക് മുന്നില്‍..
തുന്നാനായി ചിറകുകളില്ലാത്തവരുടെ മോഹങ്ങള്‍ വെറും വ്യാമോഹങ്ങളായി തീരും  ..
സ്വന്തം  ചിറകുകള്‍ തുന്നാതെ
മറ്റുള്ളവരുടെ ചിറകുകള്‍
തുന്നാനായി തുനിഞ്ഞിറങ്ങിയവരായിരുന്നു
കയ്യൂരും കരിവള്ളൂരും പുന്നപ്രയിലും വയലാറിലും
ചിറകുകളറ്റ് ചാരമായത് ..
എം പി ആകാനും 
എം എല്‍ എ ആകാനും മന്ത്രിയാകാനുമുള്ള മോഹമില്ലാതെ ചാരമായ അവരുടെ ചാരത്തില്‍ ഹൃദയം ചേര്‍ത്ത് വെച്ചപ്പോഴാ 
വയലാറിന്റെ കവി മനസ്സില്‍
ബലികുടീരങ്ങള്‍ 
കെടാത്ത കൈത്തിരി 
നാളങ്ങളായി തീര്‍ന്നത്...
ആ കൈത്തിരി നാളങ്ങള്‍
കെ റെയിലിനും ജലപാതയ്ക്കും കടമെടുക്കാനായി
കെടാതെ കത്തുമ്പോള്‍ 
മറന്നു പോകുന്നത്
രണ സ്മാരകങ്ങള്‍ മാത്രമല്ല ....
മരുന്നിനു പോലും തികയാത്ത
ക്ഷേമ പെന്‍ഷനുകളുമായി
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാത്ത
പെന്‍ഷന്‍ കൂട്ടി കിട്ടേണ്ട  പതിനായിരങ്ങളെ കൂടിയാണ്.
പറന്നെത്താനായി ഒന്നര മണിക്കൂര്‍ അകലെ മാത്രം നില്‍ക്കുന്നിടത്തേക്ക് ...
നാലു മണിക്കൂര്‍ കൊണ്ടോടിയെത്താനായി തിടുക്കപ്പെടുമ്പോള്‍ ...
ആ ഓട്ടത്തിന് വെറും  കാഴ്ചക്കാരാകാന്‍ മാത്രമായി നില്‍ക്കുന്ന ഒരു വലിയ ജനസഞ്ചയം കോവിഡില്‍  
പാളം തെറ്റി പണിയില്ലാതലയുന്നതും ..
കടം കയറി 
ജപ്തികളുടെയും
ജീവിതത്തിന്റെയും പാളത്തിനിടയില്‍ 
ഉത്തരമില്ലാത്ത ചോദ്യമായി കുരുങ്ങി കിടക്കുന്നതും   
മങ്ങിയ കാഴ്ചകളാകരുതൊരിക്കലും..
അകമ്പടി വാഹനങ്ങളോ
ആഡംബര സൗകര്യങ്ങളോ
വേണ്ട എന്ന് ചിന്തിക്കാന്‍ പോലും പറ്റാത്ത കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍....
അതിവേഗം പറന്നെത്താവുന്ന ആകാശയാത്ര മറന്ന് അത്യാവശ്യമല്ലാത്ത 
ഒരു പാളത്തിനായി അതിവേഗം ഓടി നടക്കുമ്പോള്‍ പാളത്തില്‍ തട്ടി മറിഞ്ഞു വീഴുന്ന വീടുകളും
സമ്പാദ്യങ്ങളും
ആഢംമ്പരത്തില്‍ 
കെട്ടി പൊക്കിയ സ്വപ്നങ്ങളല്ല...
അതൊരായുസ്സിന്റെ വിയര്‍പ്പിനാല്‍  തലചായ്ക്കാനായ് കെട്ടി പൊക്കിയതു മാത്രമാണെന്നത് മറന്നു പോകരുത് ...
കാര്‍ മേഘങ്ങള്‍ക്കുള്ളിലൊളിച്ചിരിക്കാനല്ല കമ്മ്യൂണിസ്റ്റായത്..
മരണം വരെ  കമ്മ്യൂണിസ്റ്റാണെന്ന്  പറഞ്ഞു നടന്ന്....കിട്ടാവുന്ന സൗകര്യങ്ങള്‍ തേടി പിടിച്ച്
പട്ടുമെത്തയില്‍ കിടക്കാനായുമല്ല കമ്മ്യൂണിസ്റ്റായത് ...
വിശക്കുന്ന വയറിന്റെ വേദന 
നേരിട്ടനുഭവിച്ച കുട്ടിക്കാലത്തെ നോവില്‍
കിളിര്‍ത്തതാണ് കമ്യൂണിസ്റ്റ്
മനസ്സ്...
കട്ടന്‍ ചായയും പരിപ്പുവടയും
ഓര്‍മ്മകളായി പോലും ഓര്‍ക്കാനിഷ്ടപ്പെടാതെ..
പകിട്ടു നോക്കി പറക്കുന്ന മനസ്സുകളുടെ കാഴ്ചകള്‍ക്ക് മുന്നില്‍ വികസന വിരുദ്ധനാകാം...
കോവിഡിനാല്‍ പണി നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ നല്കാന്‍ വ്യവസായങ്ങളും തൊഴില്‍ ശാലകളുമാണ് തൊഴിലില്ലാത്ത
ഈ കാലത്ത് അത്യാവശ്യം ..
ചെലവുചുരുക്കി അകമ്പടി വാഹനമില്ലാതെ തെന്നി നീങ്ങുന്ന  കമ്മ്യൂണിസ്റ്റ്  മന്ത്രിമാര്‍  ..അതാകണം ഈ കോവിഡു കാലത്തെ വികസന കാഴ്ചകള്‍ .. 
സന്യാസിയായ കമ്മ്യൂണിസ്റ്റായി ജീവിച്ചു കാണിച്ചു തന്ന വെളിയം ഭാര്‍ഗ്ഗവന്റ  ഓര്‍മ്മകള്‍ തുടിക്കുന്ന ജീവനുകളാകണം
കൊടി വെച്ച കാറിനുള്ളിലെ കമ്യൂണിസ്റ്റ് മന്ത്രിമാര്‍ ..