കണ്ണൂർ തളിപ്പറമ്പിൽ വൈകീട്ട് സിപിഎം ഹർത്താൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2022 07:13 AM  |  

Last Updated: 11th January 2022 07:13 AM  |   A+A-   |  

harthal

 

കണ്ണൂർ:  ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയായ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച്,  കണ്ണൂർ തളിപ്പറമ്പിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു. വൈകീട്ട് നാലു മണി മുതലാണ് ഹർത്താൽ. ധീരജിന്റെ മൃതദേഹം ഇന്ന് സ്വദേശമായ തളിപ്പറമ്പിൽ  സംസ്കരിക്കും. 

ധീരജ് രാജേന്ദ്രന് വീടിനോട് ചേർന്ന് തന്നെയാണ് അന്ത്യവിശ്രമത്തിനുള്ള സ്ഥലം ഒരുക്കുന്നത്. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങി. ഈ സ്ഥലത്ത് ധീരജിന് സ്മാരകം പണിയുമെന്ന് സിപിഎം അറിയിച്ചു. ഇന്നലെയാണ് പൈനാവ് എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥി ധീരജ് കെഎസ് യു- യൂത്ത് കോൺ​​ഗ്രസ് പ്രവർത്തകരുടെ  കുത്തേറ്റ് മരിക്കുന്നത്. 

ധീരജിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പൊലീസ് സർജൻ്റെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ. പോസ്റ്റ്മോർട്ടത്തിനുശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിൽ ധീരജിൻ്റെ ഭൗതീകദേഹം പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് വിലാപയാത്രയായി മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും.

എറണാകുളം ഉൾപ്പെടെ 17 കേന്ദ്രങ്ങളിൽ പൊതു ദർശനത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. തളിപ്പറമ്പിൽ എൽഐസി ഏജന്റായ അച്ഛൻ രാജേന്ദ്രൻ  തിരുവനന്തപുരം പാലോട് സ്വദേശിയാണ്. കുടുംബമായി വർഷങ്ങളായി തളിപ്പറമ്പിലാണ് താമസം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവധി കഴിഞ്ഞ് ധീരജ് ഇടുക്കിയിലേക്ക് മടങ്ങിപ്പോയത്. ധീരജിന്റെ അനുജൻ അദ്വൈത് തളിപ്പറമ്പ് സർ സയ്യിദ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.