നാലാംദിവസും ഇ-പോസ് മെഷീന്‍ പണിമുടക്കി; സംസ്ഥാനത്ത് റേഷന്‍ കടകള്‍ അടച്ചിടുന്നു, പ്രതിഷേധം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2022 11:21 AM  |  

Last Updated: 11th January 2022 11:25 AM  |   A+A-   |  

ration shops in kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തുടര്‍ച്ചയായ നാലാംദിവസവും ഇ-പോസ് മെഷീന്‍ പ്രവര്‍ത്തനരഹിതമായതോടെ സംസ്ഥാനത്ത് റേഷന്‍കടകള്‍ അടച്ചിടുന്നു. സാങ്കേതികതകരാര്‍ മൂലം റേഷന്‍ സാധനങ്ങള്‍ വാങ്ങാനാകാതെ ആളുകള്‍ റേഷന്‍കടകളില്‍ നിന്ന് തിരിച്ചുപോകുകയാണ്. പലയിടത്തും റേഷന്‍ സാധനങ്ങള്‍ കിട്ടാതെ ആളുകള്‍ പ്രതിഷേധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ഇ- പോസ് മെഷീനുള്ള സാങ്കേതിക തകരാര്‍ സംബന്ധിച്ച് കഴിഞ്ഞദിവസങ്ങളില്‍ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിച്ചില്ലെന്ന് വ്യാപാരി യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു. അതിനാല്‍ കടകള്‍ അടച്ചിടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും വ്യാപാരി സംഘടനകള്‍ വ്യക്തമാക്കുന്നു.

ഇലക്ട്രോണിക് പോയന്റ് ഓഫ് സെയില്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ഇ പോസ്. റേഷന്‍കാര്‍ഡില്‍ പേരുള്ളയാളെ തിരിച്ചറിഞ്ഞ് കൃത്യമായ അളവില്‍ സാധനങ്ങള്‍ നല്‍കുന്നുവെന്നതാണ് ഈ രീതിയുടെ പ്രത്യേകത. ബയോമെട്രിക് സംവിധാനമുള്ള യന്ത്രം വിരലടയാളം ആധാര്‍വഴി പരിശോധിച്ചാണ് ഉപഭോക്താക്കളെ തിരിച്ചറിയുക. കാര്‍ഡ് നമ്പര്‍ മെഷീനില്‍ രേഖപ്പെടുത്തുമ്പോള്‍ത്തന്നെ എല്ലാ അംഗങ്ങളുടെയും പേരുവിവരം സ്‌ക്രീനില്‍ തെളിയും. വിരല്‍ മെഷീനില്‍ പതിക്കുന്നതോടെ ഓരോ കാര്‍ഡിനും അര്‍ഹമായ റേഷന്‍വിഹിതം, വില എന്നിവ തെളിയും. ബില്ല് ലഭിക്കുകയും ചെയ്യും.