ക്ഷേമ പെന്‍ഷന്‍: നാലരലക്ഷത്തോളം പേര്‍ക്ക് മസ്റ്ററിങ്ങിന് ഒരവസരം കൂടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2022 10:24 AM  |  

Last Updated: 13th January 2022 10:24 AM  |   A+A-   |  

Pension distribution

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:  2019 ഡിസംബര്‍ 31നു മുന്‍പു സാമൂഹികസുരക്ഷാ പെന്‍ഷനോ ക്ഷേമ പെന്‍ഷനോ അനുവദിച്ചിട്ടും മസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഒരവസരം കൂടി. ഫെബ്രുവരി 1 മുതല്‍ 20 വരെ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കാന്‍ ധനവകുപ്പ് തീരുമാനിച്ചു. 

മുന്‍പു പെന്‍ഷന്‍ പട്ടികയില്‍ ഉണ്ടായിരുന്നതില്‍ 3.42 ലക്ഷം സാമൂഹികസുരക്ഷാ പെന്‍ഷന്‍കാരും 1.07 ലക്ഷം ക്ഷേമ പെന്‍ഷന്‍കാരും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ പുറത്തായിരുന്നു. മൊത്തം ഇത്തരത്തില്‍ നാലരലക്ഷത്തോളം പേര്‍ വരും.

അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കേണ്ടത്. ചെലവ് സര്‍ക്കാര്‍ വഹിക്കും. തദ്ദേശ സെക്രട്ടറിയെ ബന്ധപ്പെട്ടാല്‍ കിടപ്പുരോഗികള്‍ക്കു വീട്ടില്‍ സൗകര്യം ലഭ്യമാക്കും. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരെങ്കില്‍ ബന്ധപ്പെട്ട ബോര്‍ഡ് ഉദ്യോഗസ്ഥരെയാണ് ബന്ധപ്പെടേണ്ടത്. ബയോമെട്രിക് മസ്റ്ററിങ്ങില്‍ പരാജയപ്പെടുന്നവര്‍ക്കു ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കാം.