എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണം;  അന്വേഷിക്കാന്‍ പ്രത്യേക സംഘം; ഡിനിലിന് ചുമതല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st July 2022 01:21 PM  |  

Last Updated: 01st July 2022 01:21 PM  |   A+A-   |  

akg_centre_attack

സിസിടിവി ദൃശ്യത്തില്‍ നിന്ന്‌

 

തിരുവനന്തപുരം: എകെജി സെന്ററിന് നേരയുണ്ടായ ആക്രമണം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍.  ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ ഡിനിലിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക.  സൈബര്‍ സെല്‍ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി 12 അംഗങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. 

നിലവില്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അക്രമിച്ച പ്രതിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുവരെ നാല് സിസി ടിവി ദൃശ്യങ്ങളാണ് കിട്ടിയത്. ഇതില്‍ പ്രതിയുടെ മുഖമോ വണ്ടിയുടെ നമ്പറോ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

എകെജി എന്ന വൈകാരികതയെ കുത്തിനോവിക്കാന്‍ ശ്രമം

എകെജി സെന്ററിന് നേര്‍ക്കുണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. കുറ്റം ചെയ്തവരെയും അവര്‍ക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും. പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനുമുള്ള ശ്രമമാണിത്. 

എ കെ ജിയും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ഓഫീസും പുരോഗമന പ്രസ്ഥാനങ്ങളും ജനങ്ങളാകെയും ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്ന വികാരമാണ്. ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. 

കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രകോപനങ്ങള്‍ക്ക് വശംവദരാകാതെ സമാധാനം സംരക്ഷിക്കാന്‍ ഉയര്‍ന്ന ബോധത്തോടെ മുന്നില്‍ നില്‍ക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

ബോംബെറിഞ്ഞത് രാത്രിയില്‍


ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേര്‍ക്ക് ബോംബെറിഞ്ഞത്. എകെജി സെന്ററിന്റെ പിന്‍ഭാഗത്തുള്ള എകെജി ഹാളിലേക്കുള്ള ഗേറ്റിലേക്കാണ് ബോംബ് എറിഞ്ഞത്. ഇരുചക്രവാഹനത്തിലെത്തിയവരാണ് ബോംബ് എറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഉഗ്രശബ്ദത്തോടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുവെന്ന് ഓഫീസില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. ഓഫീസിന്റെ മതിലില്‍ സ്ഫോടകവസ്തു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളുമുണ്ട്. എകെജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

വാഹനം നിര്‍ത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗില്‍നിന്ന് സ്ഫോടകവസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്. എറിഞ്ഞശേഷം തിരിച്ച് കുന്നുകുഴി ഭാഗത്തേക്ക് വാഹനം വേഗം ഓടിച്ചുപോകുകയും ചെയ്തു. സംഭവ സ്ഥലത്ത് ഫോറന്‍സിക് സംഘം വിശദമായ പരിശോധന നടത്തി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം രാത്രി തന്നെ സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

എകെജി സെന്ററിന്റെ മുഖ്യകവാടത്തില്‍ പൊലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും ഹാളിന്റെ ഗേറ്റിനു സമീപം പൊലീസ് ഉണ്ടായിരുന്നില്ല. സ്‌ഫോടന ശബ്ദം കേട്ടാണ് പൊലീസുകാര്‍ ഓടിയെത്തിയത്. ഈ സമയം ഇ പി ജയരാജനും പി കെ ശ്രീമതിയും ഓഫീസിന് അകത്തുണ്ടായിരുന്നു.സംഭവമറിഞ്ഞ് സിപിഎം പി ബി അം?ഗങ്ങളായ എംഎ ബേബി, എ വിജയരാഘവന്‍, മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, ആന്റണി രാജു, വീണാ ജോര്‍ജ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി.