പെരിങ്ങല്‍കുത്തില്‍ നിന്ന് അധിക ജലം ഒഴുക്കും;  ചാലക്കുടി പുഴയുടെ തീരത്ത് ജാഗ്രതാ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th July 2022 02:50 PM  |  

Last Updated: 04th July 2022 02:50 PM  |   A+A-   |  

Peringalkuth dam

പെരിങ്ങല്‍കുത്ത് /ഫയല്‍ ചിത്രം

 

തൃശൂര്‍: പെരിങ്ങല്‍കുത്ത് ഡാമിന്റെ രണ്ട് സ്യൂയിസ് വാള്‍വുകള്‍ തുറന്ന് 400 ക്യുമെക്‌സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഉത്തരവിറക്കി. ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകീട്ട് നാല് മണിവരെയുള്ള സമയത്തിനുള്ളില്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കി ഘട്ടം ഘട്ടമായാണ് ഡാമിന്റെ സ്ലൂയിസ് വാള്‍വുകള്‍ തുറന്ന് അധികജലം ഒഴുക്കിവിടുക. 

പൊരിങ്ങല്‍കുത്ത് ഡാമിലെ സ്യൂയിസ് വാല്‍വുകള്‍ തുറന്നാല്‍ അധികജലം ഒഴുകിവന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയില്‍ കുളിക്കുന്നതും ഇറങ്ങുന്നതും വസ്ത്രങ്ങള്‍ കഴുകുന്നതും ഒഴിവാക്കണമെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
 
ജില്ലയില്‍ മഴശക്തമായ സാഹചര്യത്തില്‍ നീരൊഴുക്ക് മൂലം പൊരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്ലൂയിസ് വാള്‍വുകള്‍ തുറന്ന് അധികജലം ഒഴുക്കിവിടാന്‍ തീരുമാനിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് ഡാമിലെ ജലനിരപ്പ് 420.80 മീറ്ററാണ്. നിലവില്‍ ഡാമിന്റെ 7 സ്പില്‍ വേ ഷട്ടറുകളും തുറന്ന് അധികജലം പുഴയിലേക്ക് ഒഴുക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ അതിശക്ത മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ