സര്‍ക്കാരിന് ആശ്വാസം; ബ്രൂവറി കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിനു സ്‌റ്റേ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th July 2022 12:06 PM  |  

Last Updated: 15th July 2022 12:26 PM  |   A+A-   |  

kerala high court

ഹൈക്കോടതി/ഫയല്‍

 

കൊച്ചി: ഒന്നാം പിണറായി സര്‍ക്കാര്‍ ബ്രൂവറി അനുവദിക്കാന്‍ തീരുമാനമെടുത്തതില്‍ അഴിമതിയുണ്ടെന്ന കേസില്‍ വിജിലന്‍സ് കോടതി നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫലയുകള്‍ ഹാജരാക്കാനുള്ള ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. സ്വകാര്യ അന്യായത്തില്‍ വിജിലന്‍സ് കോടതിക്കു നടപടിയെടുക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. 

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്ന വിജിലന്‍സ് അപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. ബ്രൂവറിക്കു അനുമതി നല്‍കിയ സമയത്തെ സര്‍ക്കാര്‍ ഫയലുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്ന രമേശ് ചെന്നിത്തലയുടെ അപേക്ഷ കോടതി അനുവദിക്കുകയായിരുന്നു. സാക്ഷികളുടെ മൊഴി നേരിട്ട് രേഖപ്പെടുത്തുന്ന ഘട്ടമായതിനാല്‍ ഫയലുകള്‍ സാക്ഷികളെ കാണിക്കാന്‍ സാധിക്കില്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്.

ബ്രൂവറി അനുവദിച്ച വിഷയത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ചെന്നിത്തല ഗവര്‍ണറെ സമീപിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി വേണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

ഇക്കാരണത്താല്‍ ചെന്നിത്തലയുടെ ഹര്‍ജിക്ക് നിയമസാധുത ഇല്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്. ഇതേ നിലപാടാണ് തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലും വിജിലന്‍സ് സ്വീകരിച്ചത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍, എക്‌സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിങ്, ബ്രൂവറി അനുമതി ലഭിച്ച ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ

നിയമസഭയില്‍ രമയ്ക്ക് പ്രത്യേക റിസര്‍വേഷന്‍ ഇല്ല; പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് എംഎം മണി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ