വാട്‌സ്ആപ്പ് ചോര്‍ച്ച; യൂത്ത് കോണ്‍ഗ്രസില്‍ നടപടി; രണ്ട് വൈസ് പ്രസിഡന്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 11:52 AM  |  

Last Updated: 21st July 2022 11:52 AM  |   A+A-   |  

SABARINATHAN_BAIL

ശബരീനാഥന്‍

 

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് മെസേജുകള്‍ ചോര്‍ന്നതില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ നടപടി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍എസ് നുസൂറിനെയും എസ്എം ബാലുവിനെയുമാണ് ദേശീയ നേതൃത്വം സസ്‌പെന്റ് ചെയ്തു. വാട്‌സ്ആപ്പ് മെസേജ് ചോര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ നടപടി ആവശ്യപ്പെട്ട് ഇരുവരും അഖിലേന്ത്യാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍എസ് നുസൂറിനെയും, എസ്എം ബാലുവിനെയും സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാനേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു. വാട്‌സ്ആപ്പ് ചോര്‍ച്ചയെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയാണ് അഖിലേന്ത്യാ നേതൃത്വത്തിന്റെ നടപടി.

ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കിയതിന് പിന്നാലെ എതിര്‍ ചേരിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരായിരുന്നു ഇരുവരും. പാലക്കാട് ചിന്തന്‍ ശിബരത്തിലുണ്ടായ വനിതാ നേതാവിന്റെ പീഡനപരാതിയുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ളില്‍ തന്നെ വിവരങ്ങള്‍ ചോരുന്നുവെന്ന ആക്ഷേപം സംസ്ഥാന നേതൃത്വത്തിനുണ്ടായിരുന്നു. അതിന് പിന്നാലയാണ് ശബരിനാഥന്റെ വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ന്നതും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടായതും. അതിനിടെ, ഇന്നലെ നുസൂറിന്റെ നേതൃത്വത്തില്‍ 12 നേതാക്കള്‍ ഫാഫിയ്‌ക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.  

സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം പരിഗണിച്ച ശേഷമാണ് ഇരുവരെയും സസ്‌പെന്റ് ചെയ്യാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനമുണ്ടായത്. വാട്‌സ്ആപ്പ് മെസേജ് ചോര്‍ന്നതില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് നേരത്തെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്ലസ് വണ്‍ പ്രവേശനം: ഇനിയും സമയം നീട്ടാനാവില്ലെന്ന് സര്‍ക്കാര്‍; ഹൈക്കോടതിയില്‍ സത്യവാങ്മൂലം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ