നിക്ഷേപക മരിച്ചത് അന്വേഷിക്കും; പണം തിരികെ നല്‍കാന്‍ പദ്ധതി; വിഎന്‍ വാസവന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2022 10:37 AM  |  

Last Updated: 28th July 2022 10:37 AM  |   A+A-   |  

vasavan

വിഎന്‍ വാസവന്‍ മാധ്യമങ്ങളെ കാണുന്നു

 

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ നിക്ഷേപക മരിച്ച സംഭവം അന്വേഷിക്കുമെന്ന് സഹകരണമന്ത്രി വിഎന്‍ വാസവന്‍. കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപം മടക്കി നല്‍കാന്‍ പ്രത്യേക പാക്കേജ് ഉണ്ടാക്കിയിരുന്നു. അതുപ്രകാരം നാലരക്ഷം രൂപ നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.

ബാക്കിയുള്ളവരുടെതിന് കേരള ബാങ്കില്‍ നിന്ന് സെപ്ഷ്യല്‍ ഒഡി കൊടുക്കാന്‍ തീരുമാനമായിട്ടുണ്ട്. അതോടൊപ്പം അവര്‍ക്ക് നിക്ഷേപക ഗ്യാരന്റി സ്‌കീമില്‍നിന്നും റിസ്‌ക് ഫണ്ടില്‍ നിന്നും സഹായം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിക്ഷേപം സുരക്ഷിതമാക്കാന്‍ നിക്ഷേപ ഗ്യാരണ്ടി ബോര്‍ഡ് പുനസംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം നിക്ഷേപകന്റെ ഭാര്യ മരിച്ച സംഭവത്തില്‍ കുടുംബത്തിന് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് കരുവന്നൂര്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു. ആര്‍ഡിഒയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബാങ്കിലെ നിക്ഷേപകന്‍ മാപ്രാണം സ്വദേശി ദേവസിയുടെ ഭാര്യ ഫിലോമിന ഇന്ന് രാവിലെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഇട്ടിരുന്നത്.

മുപ്പത് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപമുണ്ടായിട്ടും പണം നല്‍കിയില്ലെന്നായിരുന്നു നിക്ഷേപകന്‍ ദേവസിയുടെ പരാതി. ഫിലോമിനയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിലും ദേശീയ പാതയിലും സമരം നടത്തിയതിന് പിന്നാലെയാണ് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചത്. ബാക്കി തുക എത്രയും പെട്ടെന്ന് നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും ആര്‍ഡിഒ ഉറപ്പ് നല്‍കിയതോടെ സമരം അവസാനിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രാഥമിക ആവശ്യത്തിനായി വീടിന് പുറത്തിറങ്ങി; അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ