ബൈക്കിൽ ഇന്ധനമില്ലാത്തതിന് 250 രൂപ പിഴ?; കോഡ് നമ്പർ മാറിപ്പോയതെന്ന് പൊലീസ്, വിശദീകരണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2022 10:44 AM  |  

Last Updated: 31st July 2022 10:44 AM  |   A+A-   |  

kerala_police

ചിത്രം: ഫേയ്സ്ബുക്ക്

 


കൊച്ചി: ബൈക്കിൽ ആവശ്യത്തിന് ഇന്ധനമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പിഴചുമത്തി ചെലാൻ നൽകിയെന്ന സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. ചെലാൻ മെഷീനിൽ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പർ സെലക്ട് ചെയ്തപ്പോൾ സംഭവിച്ച പിഴവാണെന്ന് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ നൽകിയ വിശദീകരണത്തിൽ പറയുന്നു.

മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 46(2)ഇ ആണ് ചെലാനിൽ വന്ന കുറ്റകൃത്യം. ടാക്‌സി ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങളിൽ മതിയായ ഇന്ധനം കരുതാതിരിക്കുകയോ, യാത്രക്കാരുമായി ഇന്ധനമോ സി എൻ ജിയോ നിറയ്ക്കാൻ ഫ്യൂവൽ സ്റ്റേഷനിലേക്ക് വാഹനങ്ങൾ കൊണ്ടുപോകുകയോ ചെയ്യുന്നതിനെതിരേ ചുമത്തുന്ന നിയമമാണിത്. യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ നിയമം രൂപവത്കരിച്ചിരിക്കുന്നത്. അമിതപ്രകാശം പരത്തുന്ന ലൈറ്റുകൾ ഘടിപ്പിച്ച ബൈക്കിൽ വൺവേ തെറ്റിച്ചുവന്ന യുവാവിന് പിഴയടിച്ചപ്പോഴാണ് കോഡ് നമ്പറിൽ പിഴവുണ്ടായത്. 

ഫേയ്സ്ബുക്കിലെ വിശദീകരണ കുറിപ്പിന്റെ പൂർണരൂപം

വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരിൽ പൊലീസ് പിഴ ചുമത്തിയെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതിനു പിന്നിലെ വാസ്തവമിതാണ്.

എറണാകുളം ഇടത്തല പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂലൈ 22നാണ് സംഭവം. അമിതപ്രകാശം പരത്തുന്ന ലൈറ്റുകൾ ഘടിപ്പിച്ച ബൈക്കുമായി വൺവേ തെറ്റിച്ചു വന്ന യുവാവിനെ പൊലീസ് തടയുകയും പിഴ അടക്കാൻ നിർദേശിക്കുകയുമായിരുന്നു. പിഴ തുകയായ 250 രൂപ (അനുവദനീയമല്ലാത്ത ലൈറ്റ് ഘടിപ്പിച്ചതിന്) ഒടുക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ചെല്ലാൻ മെഷീനിൽ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പർ സെലക്ട് ചെയ്തപ്പോൾ പൊലീസ് ഉദ്യോഗസ്ഥന് അബദ്ധം സംഭവിക്കുകയും Kerala Motor Vehicle Rules സെക്ഷൻ 46(2)e സെലക്ട് ആവുകയും ചെയ്തു. പിഴ അടച്ച ചെല്ലാനിൽ സൂചിപ്പിച്ചിരിക്കുന്ന കുറ്റകൃത്യം കൗതുകമായി തോന്നിയ യുവാവ് ഈ ചെലാൻ വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്യുകയും ആയത് ലേശം കൗതുകം കൂടുതലുള്ള മറ്റാരോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. അബദ്ധം മനസിലാക്കിയ പൊലീസ് യുവാവിനെ ബന്ധപ്പെട്ട് ഇക്കാര്യം ബോധ്യപ്പെടുത്തുകയും പുതിയ ചെലാൻ നൽകുകയും ചെയ്തിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ സംബന്ധിച്ച പുതിയ അറിവ് കിട്ടിയതിലും തന്റെ അനുഭവം വൈറൽ ആയതിലും യുവാവ് ഇപ്പോൾ ഹാപ്പിയാണ്.

ഈ വാർത്ത കൂടി വായിക്കൂ

പ്ലസ് വണ്‍ അപേക്ഷ; തിരുത്തല്‍ വരുത്താന്‍ സമയം ഇന്ന് 5 മണി വരെ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ