ആദ്യം നോക്കിയത് കാലിലെ മറുക്, തന്റെ രാഹുൽ അല്ലെന്ന് അമ്മ; വീണ്ടും നിരാശ

എറണാകുളം ലുലുമാളില്‍ സിനിമ കണ്ടുകൊണ്ടിരിക്കെയാണ് പോലീസ് കണ്ടെത്തിയത്
കാണാതായ രാഹുൽ, അമ്മ മിനിയും സഹോദരിയും/ ടെലിവിഷൻ ദൃശ്യം
കാണാതായ രാഹുൽ, അമ്മ മിനിയും സഹോദരിയും/ ടെലിവിഷൻ ദൃശ്യം

ആലപ്പുഴ; പതിനേഴു വർഷം മുൻപ് ആലപ്പുഴയിൽ നിന്ന് കാണാതായ രാഹുൽ ഇന്നും നാടിന് വേദനയാണ്. കഴിഞ്ഞ ദിവസം പ്രതീക്ഷ നൽകിക്കൊണ്ട് രാഹുലിന്റെ അമ്മ മിനിയെ തേടി ഒരു കത്ത് വന്നിരുന്നു. രാഹുലിനോട് സാദൃശ്യമുള്ള കുട്ടിയെ മുംബൈയിൽ കണ്ടെന്നും ഇപ്പോൾ നെടുമ്പാശ്ശേരി ഭാ​ഗത്തുണ്ട് എന്നുമായിരുന്നു കത്ത്. കുടുംബത്തേയും നാട്ടുകാരേയും പൊലീസിനേയും മണിക്കൂറുകൾ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ സംഭവം അവസാനിച്ചത് നിരാശയിലാണ്. 

രാഹുലിനോടു രൂപസാദൃശ്യമുള്ളയാളെ പോലീസ് കണ്ടെത്തി ആലപ്പുഴയിലെത്തിച്ചെങ്കിലും അത് തന്റെ കുട്ടിയല്ലെന്ന് അമ്മ ഉറപ്പിക്കുകയായിരുന്നു. വിനയ് എന്നു പേരുള്ള 24കാരനെയാണ് വ്യാഴാഴ്ച രാത്രി 9.15-ന് അമ്മ മിനിയുടെ മുന്നിലെത്തിച്ചത്. ആദ്യം തന്നെ മകന്റെ മറുകാണ് അമ്മ നോക്കിയത്. തുടർന്ന് രാഹുൽ അല്ലെന്ന് പറയുകയായിരുന്നു. ബന്ധുക്കളുടെയും അയല്‍വാസികളും രാഹുലിനെ തിരിച്ചറിയാൻ എത്തിയിരുന്നു. രാഹുലിന്റെ ചെവിയുമായി സാമ്യമുണ്ടെന്നു മാത്രമാണു പറഞ്ഞത്. രാഹുലല്ലെന്നു മിനി ഉറപ്പിച്ചതോടെ പോലീസ് 24 വയസ്സുകാരനെ ആലപ്പുഴയിലുള്ള കുടുംബസുഹൃത്തിനൊപ്പം പറഞ്ഞുവിട്ടു.

മലയാളിയായ വസുന്ധരാദേവിയാണ് രാഹുലിനോടു സാദൃശ്യമുള്ള കുട്ടിയെ കണ്ടെന്ന അവകാശവാദവുമായി മുംബൈയില്‍നിന്നും കത്തയച്ചത്. അതിനൊപ്പം ഒരു ഫോട്ടോയുമുണ്ടായിരുന്നു. രാഹുലിനോടു സാദൃശ്യമുള്ള വിനയ് എന്ന കുട്ടിയെ മുംബൈയിലെ ശിവാജി പാര്‍ക്കില്‍ കണ്ടെന്നാണു കത്തിലുള്ളത്. വിനയ് ഇപ്പോള്‍ നെടുമ്പാശ്ശേരി ഭാഗത്തുണ്ടെന്നും പറഞ്ഞിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ എറണാകുളം ലുലുമാളില്‍ സിനിമ കണ്ടുകൊണ്ടിരിക്കെയാണ് പോലീസ് കണ്ടെത്തിയത്. 

2005 മേയ് 18-നു വൈകീട്ട് നാലുമണിയോടെ വീടിനു സമീപം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്നതിനിടെയാണ് ഏഴുവയസ്സുകാരന്‍ രാഹുലിനെ പെട്ടെന്നു കാണാതായത്. വർഷങ്ങൾ നീണ്ട അന്വേഷണത്തിൽ കുട്ടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. അടുത്തിടെ രാഹുലിന്റെ അച്ഛൻ ആത്മഹത്യ ചെയ്തത് വലിയ വാർത്തയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com