ആനയിറങ്ങുമ്പോള്‍ കാമറ അറിയും, റോഡിലെ ബോര്‍ഡ് തെളിയും!
By സമകാലിക മലയാളം ഡെസ്ക് | Published: 07th June 2022 03:21 PM |
Last Updated: 07th June 2022 03:21 PM | A+A A- |

തുമ്പൂര്‍മുഴിയില്‍ സ്ഥാപിച്ചിരിക്കുന്ന ആന മുന്നറിയിപ്പ് ബോര്‍ഡ്
തൃശൂര്‍: കാട്ടാനയിറങ്ങി അപകടങ്ങള്‍ പതിവായ തുമ്പൂര്‍മുഴി മേഖലയില്‍ റോഡില്‍ മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി. വനത്തിനുള്ളില്‍ വച്ചിരിക്കുന്ന കാമറകളില്‍നിന്നുള്ള സിഗ്നല്‍ അനുസരിച്ച് റോഡിലെ മുന്നറിയിപ്പു ബോര്‍ഡ് തെളിയുന്ന വിധത്തിലാണ് സംവിധാനം.
വനത്തിലുള്ളില്‍ രണ്ടിടത്ത് വച്ചിരിക്കുന്ന ക്യാമറകളുടെ 100 മീറ്റര്‍ പരിധിയില്‍ രാത്രിയോ പകലോ ആനകള്‍ എത്തിയാല്‍ ചിത്രം ക്യാമറ സെന്‍സറുകള്‍ വഴി സര്‍വ്വറില്‍ എത്തും. സെര്‍വറില്‍ നിന്ന് മൊബൈല്‍ നമ്പറുകളിലേക്ക് അറിയിക്കുന്നതോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എലിഫന്റ് ഡിറ്റക്ഷന്‍ സംവിധാനം വഴി റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ബോര്‍ഡ് കളിലൂടെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് ലഭിക്കും. ആനകള്‍ റോഡിന്റെ അരികത്ത് എത്തിയാല്‍ ബോര്‍ഡില്‍ മലയാളത്തിലും ഇംഗ്ലീഷിലും അപകടം മുന്നറിയിപ്പും ചുവന്ന ലൈറ്റുകള്‍ തെളിയും. ഇതോടൊപ്പം എസ്.എം.എസ്. അലര്‍ട്ടും ഉണ്ടാകും.
ആനകള്‍ ഇല്ലെങ്കില്‍ ബോര്‍ഡിലും മുന്നറിയിപ്പുകള്‍ ഒന്നും ഉണ്ടാകില്ല. ഈ മുന്നറിയിപ്പു രീതി വിജയിച്ചാല്‍ ആനകളുടെ ഭീഷണി കൂടുതലായുള്ള വനാതിര്‍ത്തിയിലെ റോഡുകളില്‍ ഇത്തരം മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നതിനു പദ്ധതിയുണ്ടെന്ന് വനപാലകര്‍ പറഞ്ഞു
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തില്‍ പകലും രാത്രിയും പ്രവര്‍ത്തിക്കുന്ന തെര്‍മല്‍ ഡിറ്റക്ഷന്‍ കാമറ വഴിയാണ് ഇതിന്റെ പ്രവര്‍ത്തനം. 100 മീറ്റര്‍ അകലെ ആനകള്‍ എത്തിയാല്‍ പതിയുന്ന ചിത്രങ്ങളില്‍നിന്ന് വലിപ്പവും രീതികളും തിരിച്ചറിഞ്ഞ് ആനയാണ് എന്ന് നിര്‍മിത ബുദ്ധി വഴി ഉറപ്പുവരുത്തും. തുടര്‍ന്ന് വനപാലകരുടെ മൊബൈല്‍ ഫോണുകളിലേക്കും എല്‍ഇഡി ബോര്‍ഡുകളിലേക്കും സന്ദേശമെത്തിക്കും. ആന അപകട സാധ്യതാ മേഖലകളില്‍നിന്നും മാറുമ്പോള്‍ തന്നെ മുന്നറിയിപ്പ് നിലയ്ക്കും.
കാമറകള്‍ക്കും സെര്‍വറിനും എല്‍ഇഡി ബോര്‍ഡുകള്‍ക്കും അനുബന്ധ ഉപകരണങ്ങളും ആയി ആകെ രണ്ടു ലക്ഷത്തോളം രൂപയാണ് ചെലവ്. കൊച്ചി ആസ്ഥാനമായുള്ള ഇന്‍വെന്‍ഡോയ് ടെക്‌നോളജി എന്ന കമ്പനിയാണ് സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് പകുതി ഫീസ് മാത്രം; മുഹമ്മദ് റിയാസ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ