മുഖ്യമന്ത്രിക്ക് നേരെ നടന്നത് വധശ്രമം; പഞ്ചാബിലെ ഭിന്ദ്രൻവാലാ ശൈലിയിലേക്ക് കേരളത്തെ മാറ്റാൻ കോൺഗ്രസ് ശ്രമിക്കുന്നു : കോടിയേരി

ഉയർന്ന നിരക്കിൽ ടിക്കറ്റെടുത്ത് വിമാനത്തിൽ കയറിയവർ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവും നടത്തിയാണ് കുറ്റകൃത്യത്തിനെത്തിയത്
കോടിയേരി ബാലകൃഷ്ണന്‍/ ഫയല്‍
കോടിയേരി ബാലകൃഷ്ണന്‍/ ഫയല്‍

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി നടത്തിയത് വധശ്രമമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.  ഇ പി ജയരാജന്റെയും മറ്റും സന്ദർഭോചിതമായ ഇടപെടൽകൊണ്ടാണ് അക്രമികൾക്ക് പിണറായി വിജയനെ തൊടാൻ കഴിയാത്തത്. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ക്രിമിനലുകളായ മൂന്ന് കോൺഗ്രസുകാർ വിമാനത്തിൽ ശ്രമിച്ചത് നിസ്സാരസംഭവമല്ലെന്നും കോടിയേരി സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.

പഞ്ചാബിലെ ഭിന്ദ്രൻവാലാ ശൈലിയിലേക്ക് കേരളത്തെ മാറ്റാനാണ് ഇവിടത്തെ കോൺഗ്രസുകാർ ശ്രമിക്കുന്നത്. ഇതിനെ ജനാധിപത്യപരമായ പ്രതിഷേധമായി കാണാനാകില്ല. വിമാനത്തിൽനിന്ന്‌ മുഖ്യമന്ത്രി പുറത്തിറങ്ങും മുമ്പാണ് കോൺഗ്രസ് അക്രമികൾ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞുചെന്നത്. ഉയർന്ന നിരക്കിൽ ടിക്കറ്റെടുത്ത് വിമാനത്തിൽ കയറിയവർ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവും നടത്തിയാണ് കുറ്റകൃത്യത്തിനെത്തിയത്.

സീറ്റ് ബെൽറ്റ് ഊരാൻ അനൗൺസ്മെന്റ് ഉണ്ടാകുന്നതിനുമുമ്പ് ബെൽറ്റഴിച്ച് നിരവധി വരികൾ കടന്ന് മുഖ്യമന്ത്രിയുടെ അടുത്ത്‌ എത്തുകയായിരുന്നു. ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ അനിൽകുമാറും പിഎ സുനീഷും അവരെ തടഞ്ഞു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ശരീരത്തിൽ തൊടാൻ കഴിയാതെ വന്നത്. ‘ഈ മുഖ്യമന്ത്രിയെ വച്ചേക്കില്ല ’എന്ന ആക്രോശം കേട്ട് വിമാനത്തിലെ സ്ത്രീകളുൾപ്പെടെയുള്ള യാത്രികർ പരിഭ്രാന്തരാകുകയും ഭയപ്പെടുകയും ചെയ്തുവെന്ന് കോടിയേരി പറയുന്നു.

വിമാനറാഞ്ചികളുടെ ശൈലിയിലേക്ക് കേരളത്തിലെ കോൺഗ്രസ് എത്തുകയാണ്. ഇതാണോ അംഗീകൃത ജനാധിപത്യ സമരമാർഗം? കോൺഗ്രസ് നടപടിയോട് ബിജെപി വിയോജിച്ചിട്ടില്ല. പകരം അടുത്തദിവസം ക്ലിഫ്ഹൗസ് ലാക്കാക്കി മഹിളാമോർച്ചയുടെ അരാജകത്വ പ്രകടനമായിരുന്നു. ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഭീകരവാദികളുടെ മാതൃകയിൽ അക്രമത്തിന് കോപ്പുകൂട്ടിയവരെ കർശന നിയമനടപടികൾക്ക് വിധേയമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനുമുമ്പ് തദ്ദേശഭരണ തെരഞ്ഞെടുപ്പിലും രണ്ട് പ്രതിപക്ഷ മുന്നണിക്കാരും ഭീകരമായി എൽഡിഎഫിനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രചരിപ്പിച്ചതും ജനങ്ങൾ തള്ളിയതുമായ നുണകളാണ് വീണ്ടും അവതരിപ്പിച്ച് നാട്ടിൽ കലാപമുണ്ടാക്കാൻ നോക്കുന്നത്. എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും മുഖ്യമന്ത്രിയെ അപായപ്പെടുത്താനും അപകീർത്തിപ്പെടുത്താനും യുഡിഎഫ്, എൻഡിഎ മുന്നണികൾ സയാമീസ് ഇരട്ടകളെപ്പോലെ പ്രവർത്തിക്കുകയാണെന്നും കോടിയേരി ലേഖനത്തിൽ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതെന്ന് നേരത്തെ കോടിയേരി പ്രസ്താവിച്ചിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കകം കോഴിക്കോട് പുറമേരിയില്‍ നടന്ന ചടങ്ങിലായിരുന്നു കോടിയേരിയുടെ ഈ പരാമര്‍ശം. പ്രതിഷേധിക്കാനായി മൂന്നു പേര്‍ വിമാനത്തില്‍ കയറിയ കാര്യം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നു. ഇവരെ തടയാമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും അത് വേണ്ടെന്ന് മുഖ്യമന്ത്രി തന്നെയാണ് നിര്‍ദ്ദേശിച്ചതെന്നും കോടിയേരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com