നാല് ശതമാനം പലിശയ്ക്ക് വായ്പ; ഈട് ഒഴിവാക്കും: പ്രത്യേക പദ്ധതിയുമായി ബാങ്കുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2022 07:59 PM  |  

Last Updated: 21st June 2022 07:59 PM  |   A+A-   |  

p_rajeev

സംരംഭക വര്‍ഷം പദ്ധതി യോഗത്തില്‍ നിന്ന്‌

 

തിരുവനന്തപുരം: സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നാല് ശതമാനം പലിശക്ക് വായ്പ ലഭ്യമാക്കുന്നതുള്‍പ്പെടെ പ്രത്യേക സ്‌കീം ആവിഷ്‌കരിക്കാന്‍ വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബാങ്ക് മേധാവികളുടെ യോഗം തീരുമാനിച്ചു. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കാനുള്ള പദ്ധതിക്ക് ബാങ്കുകള്‍ പിന്തുണ പ്രഖ്യാപിച്ചു.

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി വായ്പകള്‍ നല്‍കുന്നതിന് പ്രത്യേക സ്‌കീമിന് രൂപം നല്‍കും. ഈടില്ലാതെ വായ്പ നല്‍കുന്നത് സ്‌കീമിന്റെ ഭാഗമാക്കും. സഹകരണ മേഖലയിലെ ബാങ്കുകള്‍ക്ക് ഇക്കാര്യത്തിലുള്ള സാങ്കേതിക പരിമിതികള്‍ പ്രത്യേകമായി പരിശോധിക്കും. സംരംഭകരുടെ രജിസ്‌ട്രേഷനു വേണ്ടി തയ്യാറാക്കിയ പോര്‍ട്ടല്‍ ബാങ്കുകള്‍ക്കും ലഭ്യമാക്കും. നാല് ശതമാനം പലിശക്ക് ബാങ്കുകള്‍ വായ്പ നല്‍കുന്നത് മൂലമുള്ള അധികബാധ്യത മറികടക്കാന്‍ സര്‍ക്കാര്‍ പലിശയിളവ് നല്‍കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടനെ പുറത്തിറക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് നിയമിച്ച 1153 ഇന്റേണുകള്‍ക്ക് ജില്ലാ തലത്തില്‍ പരിശീലനം നല്‍കും . വായ്പാ പദ്ധതി പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചാണ് പരിശീലനം. ജില്ലാ കലക്ടര്‍മാര്‍ ജില്ലാ തലത്തില്‍ ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കും. വായ്പാ അപേക്ഷകളില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കി വായ്പ അനുവദിക്കും. ഓരോ ബാങ്കുകളും തങ്ങളുടെ സ്‌കീം വിശദീകരിച്ച് പ്രചരണം നടത്താനും തീരുമാനിച്ചു.

സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി ഇതിനകം പത്തൊമ്പതിനായിരം സംരംഭങ്ങള്‍ ആരംഭിച്ചതായി വ്യവസായ മന്ത്രി പറഞ്ഞു. പ്രത്യേക സ്‌കീമുകള്‍ക്ക് ഏതാനും ബാങ്കുകള്‍ ഇതിനകം രൂപം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം നാളെ മുതല്‍ 'ഓപ്പറേഷന്‍ റേസ്'; മത്സരയോട്ടത്തിനെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ