കീവ് വിടണമെന്ന എംബസി അറിയിപ്പ് മലയാളി വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം; മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2022 04:31 PM  |  

Last Updated: 01st March 2022 04:31 PM  |   A+A-   |  

pinarayi vijayan

മുഖ്യമന്ത്രി പിണറായി വിയജന്‍/ഫയല്‍

 

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടന്‍ കീവ് വിടണമെന്ന യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ് മലയാളികള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഭ്യമായ ട്രെയിന്‍ സര്‍വീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് നിര്‍ദേശം. ഈ അറിയിപ്പനുസരിച്ച് നീങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യുക്രൈനില്‍ നിന്ന് ഇന്നലെ ഡല്‍ഹിയില്‍  എത്തിയ 36 വിദ്യാര്‍ത്ഥികളെ കൂടി ഇന്ന് കേരളത്തിലെത്തിച്ചു. ഇതില്‍ 25 പേരെ ഇന്ന് രാവിലെ 5.35 ന് പുറപ്പെട്ട വിസ്താര യുകെ 883 ഫ്‌ലൈറ്റില്‍ കൊച്ചിയില്‍ എത്തിച്ചു. 11 പേരെ 8.45 ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട വിസ്താര യുകെ 895 ഫ്‌ലൈറ്റിലും നാട്ടിലെത്തിച്ചു. 

ഇന്ന് രണ്ട് ഇന്‍ഡിഗോ ഫ്‌ലൈറ്റുകള്‍ കൂടി  ഡല്‍ഹിയിലെത്തി. ബുക്കാറസ്റ്റില്‍ നിന്ന് ഇന്നലെ രാവിലെ 10.30നും ബുഡാപെസ്റ്റില്‍ നിന്ന് 10.55നും പുറപ്പെട്ട ഫ്‌ലൈറ്റുകളാണ് ഇന്ന് ഡല്‍ഹിയില്‍ എത്തിയത്. ബുക്കാറസ്റ്റില്‍ നിന്ന് ഇന്ന് രാവിലെ 11.30 ന്‌ഷെഡ്യൂള്‍ ചെയ്ത എയര്‍ ഇന്ത്യയുടെ എ 1 1942 വിമാനം രാത്രി 9.20ന് ഡല്‍ഹിയിലെത്തും.