കടിച്ചു തൂങ്ങാനില്ല; പുനസംഘടനയില്‍ പരാതിയുള്ള എംപിമാര്‍ ആരൊക്കെ?; ഹൈക്കമാന്‍ഡിന് കത്തയച്ച് സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2022 12:12 PM  |  

Last Updated: 01st March 2022 12:12 PM  |   A+A-   |  

sudhakaran

കെ സുധാകരൻ

 

തിരുവനന്തപുരം: കെപിസിസി പുനസംഘടന നിര്‍ത്തിവച്ചതില്‍ കെ സുധാകരന് കടൂത്ത അതൃപ്തി. കടിച്ചുതൂങ്ങാനില്ലെന്ന് വ്യക്തമാക്കി സുധാകരന്‍ ഹൈക്കമാന്റിന് കത്തയച്ചു. എതിര്‍ത്ത എംപിമാര്‍ ആരെന്ന് ദേശീയ നേതൃത്വം അറിയിച്ചിട്ട് പോലുമില്ലെന്ന് സുധാകരന്‍ പറഞ്ഞു.

അഞ്ച് എംപിമാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് പുനസംഘടന നിര്‍ത്തിവച്ചതെന്നാണ് ദേശീയ നേതൃത്വം പറയുന്നത്. പുനസംഘടയുമായി ബന്ധപ്പെട്ട് തുടക്കം മുതലെ മുതിര്‍ന്ന നേതാക്കള്‍ കെ സുധാകരനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ 5 എംപിമാരാണ് പ്രധാനമായും തടസം നില്‍ക്കുന്നത്. ഈ എംപിമാര്‍ ആരൊക്കെയാണെന്നാണ് കെ സുധാകരന്‍ ദേശീയ നേതൃത്വത്തോട് ആരാഞ്ഞത്. ഇത് സംബന്ധിച്ച് സോണിയ ഗാന്ധിക്കും കേരളത്തിന്റെ ചുമതലയുള്ള താരീഖ് അന്‍വറിനും കെ സുധാകരന്‍ കത്തയച്ചു.

കെപിസിസി പ്രസിഡന്റായി കടിച്ചു തൂങ്ങാനില്ല. തന്നെ ഈ ചുമതലയേല്‍പ്പിച്ചത് പൂര്‍ണസ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനാണ്. പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം താന്‍ നിര്‍വഹിക്കുകയാണ്. അതിന് തടയിടാന്‍ പലതരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നു. അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുധാകരന്‍ പറയുന്നു. എന്നാല്‍ പരാതി ഉന്നയിച്ചവരെ കൂടി കേട്ട ശേഷം മാത്രമായിരിക്കും പുനസംഘടനയുണ്ടാവുകയെന്ന് താരീഖ് അന്‍വര്‍ പറഞ്ഞു.