ടാറ്റൂ പാർലറിലെ പീഡനം: സുജീഷ് അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2022 07:52 AM  |  

Last Updated: 06th March 2022 07:52 AM  |   A+A-   |  

kochi_tattoo_studio_case

ചിത്രം: ഫേയ്സ്ബുക്ക്

 

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ ടാറ്റൂ പാർലർ ഉടമ പി എസ് സുജീഷ് അറസ്റ്റിലായി. കൊച്ചി ചേരാനെല്ലൂരിലെ 'ഇങ്ക്ഫെക്ടഡ് ടാറ്റു പാര്‍ലര്‍' ഉടമയാണ് സുജീഷ്. ഇന്നലെ വൈകിട്ട് ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ബലാത്സംഗമുൾപ്പെടെ 6 കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

നിരവധി യുവതികൾ സുജീഷിനെതിരെ ലൈംഗിക പീഡന പരാതി നൽകിയിട്ടുണ്ട്. കൂടുതൽ യുവതികൾ ഇത്തരത്തിൽ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. ടാറ്റു സ്റ്റുഡിയോയില്‍ ശനിയാഴ്ച പൊലീസ് പരിശോധന നടത്തിയിരുന്നു. സിസിടിവിയുടെ ഡിവിആര്‍, കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു. 

സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ സൂജീഷ് ലൈംഗികാതിക്രമം നടത്തിയതായി ഒരു യുവതി സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയതിനു പിന്നാലെ ഒട്ടേറെപ്പേർ തങ്ങളുടെ ദുരനുഭവം പങ്കുവയ്ക്കുകയായിരുന്നു. നോർത്ത് വനിതാ സ്റ്റേഷനിൽ യുവതികളുടെ മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. വൈദ്യ പരിശോധനയും പൂർത്തിയാക്കി.