എല്‍ജെഡിക്ക് സീറ്റില്ല; സീറ്റ് വേണമെന്ന് സിപിഐ; മുന്നണികളില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാകുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2022 04:32 PM  |  

Last Updated: 07th March 2022 04:32 PM  |   A+A-   |  

kanam rajendran and kodiyeri balakrishnan

കാനം രാജേന്ദ്രനും കോടിയേരി ബാലകൃഷ്ണനും/ ഫയൽ

 

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, സംസ്ഥാനത്ത് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടക്കുന്നു. പ്രമുഖ നേതാക്കളായ എ കെ ആന്റണി, എം വി ശ്രേയാംസ് കുമാര്‍, കെ സോമപ്രസാദ് എന്നിവരുടെ ഒഴിവുകളിലേക്കാണ് ഈ മാസം 31 ന് വോട്ടെടുപ്പ് നടക്കുന്നത്. 

ഏപ്രില്‍ രണ്ടിനാണ് ഇവരുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത്. ഇവര്‍ അടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 23 പേരാണ് രാജ്യാസഭാ കാലാവധി പൂര്‍ത്തിയാക്കുന്നത്. ഇതില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ ഉപനേതാവും, കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിനെതിരെ കത്തെഴുതിയ ജി-23 സംഘത്തില്‍പ്പെട്ടയാളുമായ ആനന്ദ് ശര്‍മ്മയും ഉള്‍പ്പെടുന്നു. 

കേരളത്തില്‍ ഒഴിവു വരുന്ന മൂന്നു സീറ്റുകളില്‍ രണ്ടെണ്ണം ഇടതുമുന്നണിയുടേതാണ്. ഇതില്‍ എംവി ശ്രേയാംസ് കുമാറിന്റെ സീറ്റ് വീണ്ടും എല്‍ജെഡിക്ക് നല്‍കിയേക്കില്ല. ഈ സീറ്റ് ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐക്ക് നല്‍കിയേക്കുമെന്നാണ് സൂചന. രാജ്യസഭാ സീറ്റ് പാര്‍ട്ടി ആവശ്യപ്പെടുമെന്ന് സിപിഐ നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. 

സിപിഎമ്മില്‍ നിന്നും മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക്, ഡോ. ടി എന്‍ സീമ തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. സീറ്റ് വനിതാ നേതാവിന് നല്‍കണമെന്ന ആവശ്യവും ശക്തമാണ്. പുതുമുഖമായ യുവനേതാവിനെ പരിഗണിക്കാനുള്ള സാധ്യതയും സജീവമാണ്. ദളിത് വിഭാഗത്തില്‍പ്പെടുന്ന നേതാവാണ് കെ സോമപ്രസാദ്. അതിനാല്‍ ആ വിഭാഗത്തില്‍ നിന്നൊരാള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 

പാര്‍ട്ടി സമ്മേളനം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സിപിഐയും സമവായത്തോടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാണ് സാധ്യത. കോണ്‍ഗ്രസാകട്ടെ, ശാരീരിക അവശതകളുള്ള എ കെ ആന്റണിയെ വീണ്ടും പരിഗണിച്ചേക്കില്ല. പകരം കേരളത്തില്‍ നിന്നും ഒരു പുതിയ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതേസമയം എ കെ ആന്റണിയുടെ സാന്നിധ്യം ഡല്‍ഹിയില്‍ വേണമെന്ന നിലപാട് ഹൈക്കമാന്‍ഡ് സ്വീകരിച്ചാല്‍ ആന്റണി വീണ്ടും മല്‍സരിക്കാനുള്ള സാധ്യതയും തള്ളാനാകില്ല. 

എളമരം കരീം, ബിനോയ് വിശ്വം, പി വി അബ്ദുള്‍ വഹാബ്, ജോസ് കെ മാണി, ജോണ്‍ബ്രിട്ടാസ്, ഡോ. വി ശിവദാസന്‍ എന്നിവരാണ് നിലവില്‍ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങള്‍. ആന്റണി ഒഴിയുന്നതോടെ, മുസ്ലിം ലീഗില്‍ നിന്നുള്ള പി വി അബ്ദുള്‍ വഹാബ് മാത്രമാണ് യുഡിഎഫില്‍ നിന്നുള്ള പ്രതിനിധി. 

ഇതോടൊപ്പം പിടി തോമസിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവു വന്ന തൃക്കാക്കര നിയമസഭ മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയേയും ഇരുമുന്നണികള്‍ക്കും കണ്ടെത്തേണ്ടതുണ്ട്. തൃക്കാക്കരയില്‍ എം സ്വരാജ്, കൊച്ചി മേയര്‍ എം അനില്‍കുമാര്‍ തുടങ്ങിയ പേരുകളാണ് സിപിഎമ്മില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കുന്നത്. പി ടി തോമസിന്റെ ഭാര്യ ഉമ തോമസ്, വി ടി ബല്‍റാം, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വനിതാ കോണ്‍ഗ്രസ് നേതാവ് ജെബി മേത്തര്‍ തുടങ്ങിയവരുടെ പേരുകളാണ് കോൺ​ഗ്രസിൽ നിന്ന് ഉയർന്നുകേൾക്കുന്നത്.