"ചീങ്കണ്ണിയല്ലേ, അതവിടെ ഇരുന്നോളും"; ആ ചിത്രം കണ്ടവരെല്ലാം ഞെട്ടി, പക്ഷെ കാർത്തുവിന്റെ ശ്രദ്ധ പുല്ല് അരിയുന്നതിൽ മാത്രം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2022 09:28 AM  |  

Last Updated: 09th March 2022 09:47 AM  |   A+A-   |  

viral_video

വിഡിയോ സ്ക്രീൻഷോട്ട്

 

കൊച്ചി: കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ഒരു ചിത്രം കണ്ടവരെല്ലാം അക്ഷരാർത്ഥത്തിൽ ഞെട്ടി. പുഴയുടെ തുരുത്തിൽ പുല്ലരിഞ്ഞ് കൊണ്ട് നിൽക്കുകയായിരുന്നു 72 വയസ്സുള്ള കാർത്തു. തൊട്ടപ്പുറ‌ത്ത് പാറപ്പുറത്ത് അതാ ഒരു ചീങ്കണ്ണി. പക്ഷെ കാർത്തുവിന്റെ ശ്രദ്ധ പുല്ല് അരിയുന്നതിൽ മാത്രമായിരുന്നു. ചീങ്കണ്ണി കാർത്തുവിനെയും കാർത്തു ചീങ്കണ്ണിയെയും കണ്ടിരുന്നോ എന്നാണ് ആ ചിത്രം കണ്ടവരെല്ലാം സംശയിച്ചത്. 

കാർ‌ത്തുവിന് ഈ സംശയവും ഞെട്ടലും ഒന്നുമില്ല. പുല്ലരിയാൻ പോകുമ്പോൾ ചിലപ്പോഴൊക്കെ ചീങ്കണ്ണിയെ കാണാറുണ്ടെന്നാണ് കാർത്തു പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് പുല്ലരിയാൻ എത്തിയപ്പോൾ മറുവശത്ത് ഇരുന്ന ഒരാൾ മൊബൈൽ ഫോണിൽ പകർത്തിയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. 

"ചാലക്കുടി പുഴ ഒഴുകുന്ന വെറ്റിലപ്പാറയിൽ പാറപ്പുറത്ത് കിടക്കുന്ന മുതലക്ക് അരികിൽ പുഴയിലെ പുല്ല് അരിയുന്ന ഒരു മരണമാസ്സ് ചാലക്കുടിക്കാരി അമ്മൂമ്മ... ഇതിലും വലിയ ധൈര്യം സ്വപ്നങ്ങളിൽ മാത്രം..", എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങളും വിഡിയോയും പ്രചരിച്ചത്. ഇവിടെ ചീങ്കണ്ണി സാന്നിധ്യം സ്ഥിരമായുണ്ട്. "ചീങ്കണ്ണി ഉപദ്രവിക്കാറില്ല. നമുക്ക് ജീവികളെ ഉപദ്രവിക്കേണ്ട കാര്യമില്ലല്ലൊ. അതുകൊണ്ട് അവയും നമ്മളെ ഉപദ്രവിക്കില്ല", എന്നാണ് കാർത്തു പറയുന്നത്. പ്ലാന്റേഷൻ കോർപറേഷനിൽ 35 വർഷം ജോലിചെയ്ത ഇവർ വിരമിച്ച ശേഷം 15 പശുക്കളെയും 5 പൂച്ചയും 4 പട്ടികളെയും വളർത്തുന്നുണ്ട്.