പാഠപുസ്തകങ്ങള്‍ അടിമുടി മാറുന്നു; അക്ഷരമാല ഉള്‍പ്പെടുത്തും; കരിക്കുലം കമ്മിറ്റി രൂപീകരിച്ചു

പാഠപുസ്തകം തയ്യാറാക്കുമ്പോള്‍ സമൂഹത്തിന്റെ അഭിപ്രായവും തേടുമെന്ന് മന്ത്രി അറിയിച്ചു
മന്ത്രി ശിവൻകുട്ടിയുടെ വാർത്താസമ്മേളനം/ ഫെയ്സ്ബുക്ക്
മന്ത്രി ശിവൻകുട്ടിയുടെ വാർത്താസമ്മേളനം/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പാഠപുസ്തകങ്ങള്‍ അടിമുടി മാറുന്നു. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് കരിക്കുലം കമ്മിറ്റി രൂപീകരിച്ചു. മലയാളം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

പാഠപുസ്തകം തയ്യാറാക്കുമ്പോള്‍ സമൂഹത്തിന്റെ അഭിപ്രായവും തേടുമെന്ന് മന്ത്രി അറിയിച്ചു. സാമൂഹ്യപ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കിയാണ് പാഠ്യപദ്ധതി നവീകരിക്കുക. ലിംഗ സമത്വം, ലിംഗ അവബോധം, ഭരണഘടന, മതനിരപേക്ഷത, ജനാധിപത്യം, കാന്‍സര്‍ അവബോധം, സ്‌പോര്‍ട്‌സ്, കല തുടങ്ങിയവയെല്ലാം കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. 

കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയും കരിക്കുലം കോര്‍ കമ്മിറ്റിയുമാണ് രൂപീകരിച്ചത്. പൊതുവിദ്യാഭ്യാസമന്ത്രി കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയര്‍മാനാകും. പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കരിക്കുലം കോര്‍ കമ്മിറ്റി ചെയര്‍മാന്‍. 

അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി ആയിരിക്കുമെന്നും അക്കാദമിക മികവിന്റെ മറ്റൊരു ശ്രേഷ്ഠ ഘട്ടത്തിനു തുടക്കമിടുമെന്നും മന്ത്രി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ വിജ്ഞാന ഉറവിടങ്ങളായി മാറുമ്പോള്‍ അധ്യാപകരുടെ നിലവാരം ഉയര്‍ത്താന്‍ പരിശീലനവും പരീക്ഷയും നടത്തുമെന്നും മന്ത്രി അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com