തിരുത്തേണ്ട കാര്യമുണ്ടെങ്കില്‍ തിരുത്തും; ഒരുഭാഗം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം  ചെയ്തു; വിശദീകരണവുമായി ആന്റണി രാജു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2022 07:31 PM  |  

Last Updated: 13th March 2022 07:32 PM  |   A+A-   |  

antony raju

ഗതാഗത മന്ത്രി ആന്റണി രാജു/ ഫയല്‍

 

തിരുവനന്തപുരം:  വിദ്യാര്‍ഥികളുടെ കണ്‍സെഷനെ കുറിച്ചുള്ള വിവാദപരാമര്‍ശത്തില്‍ വിശദീകരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു. കണ്‍സെഷന്‍ നിരക്ക് പരമാവധി കുറയ്ക്കാനാണ് വകുപ്പിന്റെ ശ്രമം. ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് സൗജന്യയാത്ര പരിഗണനയിലാണ്. പ്രസ്താവനയിലെ ഒരുഭാഗം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്താണ് വിവാദമാക്കിയത്. ബസ് നിരക്ക് വര്‍ധിപ്പിക്കുന്നകാര്യത്തില്‍ വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും തിരുത്തേണ്ട കാര്യമുണ്ടെങ്കില്‍ തിരുത്തുമെന്നും മന്ത്രി പറഞ്ഞു. 

യാത്രാനിരക്ക് വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇടതുമുന്നണിയില്‍ സമവായമുണ്ടായ ശേഷമെ ബസ് നിരക്ക് വര്‍ധിപ്പിക്കുകയുള്ളുവെന്നും രാജു പറഞ്ഞു. ആന്റണി രാജുവിന്റെ പ്രസ്താവനയ്‌ക്കെതിരെ എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തുവന്നിരുന്നു.

വിദ്യാര്‍ത്ഥി കണ്‍സഷനുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിയുടെ  അഭിപ്രായം അപക്വമെന്ന് എസ്എഫ്‌ഐ. വിദ്യാര്‍ത്ഥി ബസ് കണ്‍സെഷന്‍ ആരുടെയും ഔദാര്യമല്ല അവകാശമാണ്  എസ്എഫ്‌ഐ. നിരവധി അവകാശ സമരങ്ങളിലൂടെ  നേടിയെടുത്ത  വിദ്യാര്‍ത്ഥികളുടെ അവകാശമാണ് വിദ്യാര്‍ത്ഥി ബസ് കണ്‍സഷന്‍. അത് വര്‍ദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കണ്‍സഷന്‍ തുക കുട്ടികള്‍ക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാര്‍ഹമാണെന്നും എസ്എഫ്‌ഐ പ്രസ്താവനയില്‍ വ്യക്താക്കി.

ഇത്തരത്തിലുള്ള  അഭിപ്രായങ്ങള്‍  ഇടതുപക്ഷ ഗവണ്‍മെന്റിന്റെ വിദ്യാര്‍ത്ഥിപക്ഷ സമീപനങ്ങള്‍ക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാല്‍ തന്നെ ഈ അഭിപ്രായം  തിരുത്താന്‍ മന്ത്രി തയ്യാറാകണമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി അഡ്വ:കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.