ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളില്‍ ഓണ്‍ലൈന്‍ പ്രവേശനം
By സമകാലിക മലയാളം ഡെസ്ക് | Published: 16th March 2022 08:02 PM |
Last Updated: 16th March 2022 08:02 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം:കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ വിവിധ ജില്ലകളിലായി പ്രവര്‍ത്തിച്ചുവരുന്ന 39 ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളിലേക്ക് 2022-23 അധ്യയനവര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ഓണ്‍ലൈന്‍ മുഖേന ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. 8ാം ക്ലാസിലേക്കാണ് പ്രവേശനം. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ നേരിട്ട് അപേക്ഷകള്‍ വിതരണം ചെയ്യില്ല.
താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് www.polyadmission.org/ths എന്ന വെസസൈറ്റിലൂടെ ഏപ്രില്‍ ആറുവരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. യോഗ്യരായ അപേക്ഷകരില്‍ നിന്നും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. ഓരോ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളിലേയും അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളേക്കാള്‍ അധികം അപേക്ഷകരുള്ള സ്ഥാപനങ്ങളില്‍ മാത്രമേ അഭിരുചി പരീക്ഷ ഉണ്ടായിരിക്കുകയുള്ളൂ.
7ാം ക്ലാസ്സ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, പൊതു വിജ്ഞാനം, മെന്റല്‍ എബിലിറ്റി എന്നീ വിഷയങ്ങളില്‍ നിന്നുമായിരിക്കും അഭിരുചി പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍. അഭിരുചി പരീക്ഷ ഏപ്രില്‍ 7ന് രാവിലെ 10 മുതല്‍ 11.30 വരെ അതത് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്:www.polyadmission.org/ths.