എസ്എസ്എൽ സി പരീക്ഷയ്ക്ക് പോകുന്ന സ്കൂളിൽ തന്നെ അധ്യാപകർക്ക് വാർഷിക പരീക്ഷ ഡ്യൂട്ടിയെടുക്കാം; ഉത്തരവ്
By സമകാലിക മലയാളം ഡെസ്ക് | Published: 18th March 2022 10:30 PM |
Last Updated: 18th March 2022 10:30 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഡ്യൂട്ടിയെടുക്കുന്ന സ്കൂളിൽ തന്നെ അധ്യാപകർക്ക് എട്ട്, ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷ ഡ്യൂട്ടിക്ക് ക്രമീകരണമൊരുക്കാൻ ഉത്തരവ്. ഒരേദിവസം എസ്എസ്എൽസി പരീക്ഷയും വാർഷിക പരീക്ഷയും നടക്കുന്നത് അധ്യാപകർക്ക് ദുരിതമാകുമെന്ന് കണ്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.
എസ്എസ്എൽസി പരീക്ഷ മാർച്ച് 31ന് രാവിലെ 9.45 മുതൽ 11.30 വരെ നടക്കുന്നുണ്ട്. ഇതേ ദിവസം ഒമ്പതാം ക്ലാസിനും എട്ടാം ക്ലാസിനും ഉച്ചക്കുശേഷം ഒന്നര മുതൽ വാർഷിക പരീക്ഷയും നിശ്ചയിച്ചിട്ടുണ്ട്. രാവിലെ മറ്റൊരു സ്കൂളിൽ എസ്എസ്എൽസി പരീക്ഷ ഡ്യൂട്ടി എടുത്ത് അധ്യാപകർ ഉച്ചക്കുശേഷം വാർഷിക പരീക്ഷ നടത്തിപ്പിനായി മാതൃസ്കൂളിലേക്ക് ഓടിയെത്തണമെന്ന് പ്രശ്നം പരിഹരിക്കാനാണ് പുതിയ ക്രമീകരണം.
എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷക്ക് എസ്എസ്എൽസി പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ലാത്ത അധ്യാപകരെ ആവശ്യാനുസരണം നിയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്. അധികം പേരെ ഡ്യൂട്ടിക്ക് ആവശ്യമുണ്ടെങ്കിൽ തൊട്ടടുത്ത എൽ പി/യു പി സ്കൂളുകളിലെ അധ്യാപകരെ നിയോഗിക്കണമെന്നും നിർദേശത്തിൽ പറയുന്നു.