കെഎം ഷാജിക്ക് ആശ്വാസം; ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടുന്നതിന് സ്റ്റേ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2022 12:57 PM  |  

Last Updated: 06th May 2022 12:57 PM  |   A+A-   |  

km shaji

കെ എം ഷാജി/ഫയല്‍ ചിത്രം

 

കൊച്ചി: മുസ്ലീം ലീ​ഗ് നേതാവും മുൻ എംഎഎൽഎയുമായ കെഎം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി  ഹൈക്കോടതി സ്റ്റേ ചെയ്തു. പ്ലസ് ടു കോഴ കേസിൽ മറ്റു നടപടികളുമായി ഇഡിക്ക് മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി. 

പ്ലസ് ടു കോഴ കേസിൽ ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. വേങ്ങേരിയിലെ വീട് അടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇതാണ് ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്.

2014ൽ അഴീക്കോട് സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. കേസിൽ ഒട്ടേറെ തവണ കെഎം ഷാജിയെ ചോദ്യം ചെയ്തിരുന്നു. 

എംഎല്‍എയായിരിക്കെ 2016ല്‍ ഷാജി അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് മുന്‍ ലീഗ് നേതാവാണ് ആദ്യം ആരോപണമുന്നയിച്ചത്. സ്കൂളിലെ ഒരു അധ്യാപകനില്‍ നിന്നാണ് കോഴ വാങ്ങിയതെന്നും, ഈ അധ്യാപകന് പിന്നീട് സ്കൂളില്‍ സ്ഥിര നിയമനം ലഭിച്ചെന്നും ഇഡി അന്വേഷണത്തില്‍ വ്യക്തമായി. ഈ കോഴപ്പണമുപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകളാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയതെന്നു ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നു. 

2020 ഏപ്രിലില്‍ കണ്ണൂർ വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. കെഎം ഷാജിയെയും ഭാര്യയെയും നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തടക്കം കേസുമായി ബന്ധപ്പെട്ട് ഇഡി കോഴിക്കോട് ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

43 ലക്ഷം തട്ടിയെടുത്തു; നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ