ദേശ, ഭാഷ, സംസ്‌കാരങ്ങള്‍ക്ക് അപ്പുറത്തേക്ക് പടര്‍ന്നു കിടക്കുന്ന കടല്‍; ശിവ്കുമാര്‍ ശര്‍മ്മ എന്ന ഗുരുനാഥന്‍

കശ്മീര്‍ താഴ്‌വരയില്‍ മാത്രം ഒതുങ്ങിയേക്കുമായിരുന്ന സന്തൂറിനെ ലോകം മുഴുവന്‍ അറിയുന്ന സംഗീത ശ്രേണിയാക്കി മാറ്റി
ചിത്രം: എക്‌സ്പ്രസ്
ചിത്രം: എക്‌സ്പ്രസ്

അന്തരിച്ച സന്തൂര്‍ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് സന്തൂര്‍ വാദകന്‍ ഹരി ആലങ്കോട്. 

ജീവിതത്തില്‍ അത്രമേല്‍ സ്വാധീനം ചെലുത്തിയ സ്‌നേഹ സാന്നിധ്യമാണ് ഓര്‍മ്മയാകുന്നത്. അപ്രതീക്ഷിതമായ ഈ വിയോഗത്തില്‍, അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഓരോ നിമിഷവും ഒരു സിനിമയിലെന്ന പോലെ തെളിഞ്ഞു വരുന്നുണ്ട്. ഇനി പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മയെന്ന ഗുരുനാഥന്‍ ഇല്ലായെന്ന് ആലോചിക്കുമ്പോള്‍, മനസ്സില്‍ വല്ലാത്ത ഭാരം തളംകെട്ടുന്നു... 

അദ്ദേഹത്തിന് കീഴില്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ ദിവസം ഇപ്പോഴും ഓര്‍മ്മയുണ്ട്. 1992 ഏപ്രില്‍ 4. കോട്ടയ്ക്കല്‍ വിശ്വംഭര ക്ഷേത്രത്തിലെ ഉത്സവത്തിന് അദ്ദേഹം എത്തിയപ്പോഴാണ് പരിചയപ്പെടുന്നത്. കവി ആലങ്കലോട് ലീലാകൃഷ്ണനാണ് അദ്ദേഹത്തെ പരിചയപ്പെടാന്‍ നിമിത്തമായത്. കലാകൗമുദിക്ക് വേണ്ടി അഭിമുഖത്തിന് ചെന്നതായിരുന്നു. കേരളത്തില്‍ സന്തൂര്‍ പഠിക്കുന്ന ആളാണെന്ന് ലീലാ കൃഷ്ണന്‍ എന്നെ പരിചയപ്പെടുത്തി. അതിന് ശേഷം, അദ്ദേഹത്തിന്റെ ശിഷ്യനാകണം എന്ന വലിയ ആഗ്രഹം ഞാന്‍ പറഞ്ഞു. 

പിറ്റേദിവസം കോട്ടയ്ക്കല്‍ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് സന്തൂറിലെ ആദ്യ പാഠങ്ങള്‍ അദ്ദേഹം പകര്‍ന്നു തരുന്നത്. പിന്നീടിങ്ങോട്ട് നീണ്ടകാലം ആ ധന്യ സംഗീത ജീവിതത്തിന് ഒപ്പം നടക്കാന്‍ സാധിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കാണുന്നത് അദ്ദേഹത്തിന്റെ ശിഷ്യനായി എന്നതാണ്. 

ഞാനുള്‍പ്പെടെ പതിനെട്ട് ശിഷ്യരാണ് ഇന്ത്യയില്‍ നിന്ന് അദ്ദേഹത്തിനുണ്ടായിരുന്നത്. പിന്നീട് ബോംബെയില്‍ എത്തി അദ്ദേഹത്തിന്റെ അടുത്തുനിന്ന് കൂടുതല്‍ പഠിക്കാന്‍ പറ്റി. പറഞ്ഞു തരുന്നതിന് പുറത്ത്, നമ്മള്‍ എന്തുപഠിച്ചു എന്നാണ് അദ്ദേഹം നോക്കുന്നത്. സര്‍ഗാത്മകതയെ മൊത്തം പുറത്തെത്തിച്ചുകൊണ്ടുള്ള പഠനം. അദ്ദേഹത്തിന്റെ 72-ാം പിറന്നാള്‍ പാലക്കാട് വെച്ച് ആഘോഷിച്ചപ്പോള്‍ അദ്ദേഹത്തിന് മുന്നില്‍ സന്തൂര്‍ കച്ചേരി അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചു. അന്ന് വളരെ സന്തോഷവാനായിരുന്നു അദ്ദേഹം. 

ഉത്തരേന്ത്യയിലൊക്കെ കച്ചേരിക്ക് പോകുമ്പോള്‍ സദസ്സില്‍ എവിടെയെങ്കിലും ഇരിക്കുന്ന എന്നെ വിളിച്ചു അടുത്തിരുന്നിയിരുന്നു. അതൊക്കെ എന്നെ സംബന്ധിച്ച വലിയ സന്തോഷം തരുന്ന അനുഭവങ്ങള്‍ ആയിരുന്നു. 

എല്ലാവര്‍ഷവും ശിഷ്യരെല്ലാം കൂടി ചേര്‍ന്ന് ഗുരുപൂര്‍ണിമ ദിനത്തില്‍ അദ്ദേഹത്തിന്റെ മുന്നില്‍ കച്ചേരി അവതരിപ്പിക്കുമായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന് മുന്നില്‍ മകനുമൊത്ത് ജുഗല്‍ബന്ധി അവതരിപ്പിക്കാന്‍ സാധിച്ചു. സംഗീതം മാത്രമല്ല ശിവ്കുമാര്‍ ശര്‍മ്മ എന്ന ഗുരുവില്‍ നിന്ന് പഠിക്കാന്‍ സാധിക്കുക. എന്നിലെ വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. തീര്‍ച്ചയായും കലാകാരന് സമൂഹത്തിനോട് വലിയ പ്രതിബദ്ധതയുണ്ട്. അത് നിലനിര്‍ത്താന്‍ വേണ്ടി പ്രാപ്തനാക്കി അദ്ദേഹം. ജീവിതം പഠിപ്പിക്കുന്ന ഗുരുവായിരുന്നു. 

പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മയ്‌ക്കൊപ്പം ഹരി ആലങ്കോട്‌
 

സന്തൂറിന്റെ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന സംഗീതമായിരുന്നു അദ്ദേഹത്തിന്റെത്. ഇരുപതു വര്‍ഷത്തെ തപസ്സുകൊണ്ടാണ് അത് സാര്‍ത്ഥകമാക്കാന്‍ കഴിഞ്ഞത് എന്നാണ് അദ്ദേഹം ആത്മകഥയില്‍ പറഞ്ഞിരിക്കുന്നത്. 1951ലാണ് ശിവ്കുമാര്‍ ശര്‍മ്മ സന്തൂര്‍ അഭ്യസിച്ചു തുടങ്ങുന്നത്. 55ല്‍ ആദ്യ കച്ചേരി അവതരിപ്പിച്ചു. മരിക്കുന്ന സമയം വരെ, സന്തൂറിന്റെ എല്ലാ സാധ്യതകളും അദ്ദേഹം ഉപയോഗപ്പെടുത്തി. കശ്മീര്‍ താഴ്‌വരയില്‍ മാത്രം ഒതുങ്ങിയേക്കുമായിരുന്ന സന്തൂറിനെ ലോകം മുഴുവന്‍ അറിയുന്ന സംഗീത ശ്രേണിയാക്കി മാറ്റി. 

ദക്ഷിണേന്ത്യയില്‍ നിന്ന് വരുന്ന സംഗീത വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരേന്ത്യന്‍ സംഗീതജ്ഞര്‍ വേണ്ടവിധത്തില്‍ പരിഗണന നല്‍കാറില്ല എന്നത് വസ്തുതയാണ്. എന്നാല്‍ പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മയുടെ സംഗീതത്തിന് അതിരുകളില്ലായിരുന്നു. അത് ദേശ, ഭാഷ, സംസ്‌കാരങ്ങള്‍ക്ക് അപ്പുറത്തേക്ക് പടര്‍ന്നു കിടക്കുന്ന വലിയ കടലായിരുന്നു.

കേളത്തെ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. ആത്മീയത കൈമുതലായി കൊണ്ടുനടന്ന പണ്ഡിറ്റ്, എല്ലാ മനുഷ്യരെയും സമന്‍മാരായി കണ്ടു. ഗുരുനാഥന്‍ എന്ന നിലയില്‍ അദ്ദേഹം ഒരിക്കലും കണിശക്കാരന്‍ ആയിരുന്നില്ല. ഒരിക്കലും ദേഷ്യപ്പൈടില്ല. ഫോണില്‍ വിളിച്ച് സംശയങ്ങള്‍ ചോദിക്കുന്നതുപോലും സന്തോഷത്തോടെ പറഞ്ഞു തരുന്ന ശിവ്കുമാര്‍ ശര്‍മയെ ഓര്‍മ്മവരുന്നു. 

ഞാന്‍ ഉപയോഗിച്ചിരുന്ന സന്തൂര്‍ കേടുവന്നപ്പോള്‍, അദ്ദേഹംതന്നെ ഒരു സന്തൂര്‍ ഓര്‍ഡര്‍ ചെയ്തു വീട്ടിലേക്ക് വരുത്തി ട്യൂണ്‍ ചെയ്തു തന്നു. ഒരു സന്തൂര്‍ ആദ്യമായി ട്യൂണ്‍ ചെയ്യാന്‍ മൂന്നു മണിക്കൂറൊക്കെ പിടിക്കും. അങ്ങനെ ഇരുന്ന് ട്യൂണ്‍ ചെയ്ത്, അതില്‍ ഒരു രാഗം വായിച്ചിട്ടാണ് അദ്ദേഹം അതെനിക്ക് തന്നത്. അങ്ങനെയൊന്നും ഒരു ഗുരുനാഥനും ചെയ്യണമെന്നില്ല. പക്ഷേ, സംഗീതം ശിവ്കുമാര്‍ ശര്‍മ്മയ്ക്ക് ജീവശ്വാസമായിരുന്നു. സന്തൂര്‍ സംഗീതത്തിന് തുടര്‍ച്ചയുണ്ടാകണമെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. മകനിലൂടെ അത് സാധിച്ചു.

സംഗീത ലോകത്തില്‍ സ്വന്തമായി പാത വെട്ടിത്തെളിച്ചു നടന്ന വ്യക്തിത്വമാണ് പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മ. സന്തൂര്‍ പോലെ ഒരു സൂഫി സംഗീത ഉപകരണത്തെ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏത് രാഗവും വായിക്കാന്‍ പറ്റുന്ന തരത്തിലേക്ക് പരുവപ്പെടുത്തി. സന്തൂറില്‍ എന്തെല്ലാം ചെയ്യാമോ, അതെല്ലാം ചെയ്തു. എല്ലാംകൊണ്ടു ഒരു ലെജന്റ് ആയിരുന്നു. 

അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിട്ടുപോക്ക് ഹിന്ദുസ്ഥാനി സംഗീതത്തെ സ്‌നേഹിക്കുന്നവര്‍ക്ക് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ സംഗീതം ഇവിടെ നിലനില്‍ക്കും, പക്ഷേ ശിവ്കുമാര്‍ ശര്‍മ്മ എന്ന വ്യക്തി ഇല്ലാ എന്ന നഷ്ടം വലുതാണ്. ധ്യാനലീനമായ ആ മുഖം ഒരിക്കലും ഹൃദയത്തില്‍ നിന്ന് മായില്ല...

(തയ്യാറാക്കിയത് വിഷ്ണു എസ് വിജയന്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com