രണ്ട് സിപിഎം വാര്‍ഡുകള്‍ ബിജെപി പിടിച്ചെടുത്തു; തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി; നഗരസഭയില്‍ കേവലഭൂരിപക്ഷം നഷ്ടമായി

നഗരസഭയിലെ 11-ാം വാര്‍ഡായ ഇളമനത്തോപ്പ്, നാല്‍പ്പത്താറാം ഡിവിഷനായ പിഷാരി കോവിലില്‍ എന്നിവയാണ് സിപിഎമ്മിന് നഷ്ടമായത്
വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍/ ടിവി ദൃശ്യം
വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍/ ടിവി ദൃശ്യം

കൊച്ചി: തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭയില്‍ ഇടതുപക്ഷത്തിന് തിരിച്ചടി. സിപിഎമ്മിന്റെ രണ്ടു സീറ്റുകള്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പിടിച്ചെടുത്തു. ഇതോടെ നഗരസഭയില്‍ എല്‍ഡിഎഫിന് കേവലഭൂരിപക്ഷം നഷ്ടമായി. 

തൃപ്പൂണിത്തുറ നഗരസഭയിലെ 11-ാം വാര്‍ഡായ ഇളമനത്തോപ്പ്, നാല്‍പ്പത്താറാം ഡിവിഷനായ പിഷാരി കോവിലില്‍ എന്നിവയാണ് സിപിഎമ്മിന് നഷ്ടമായത്. പിഷാരി കോവില്‍ വാര്‍ഡില്‍ രതി രാജുവും എളമനത്തോപ്പില്‍ വള്ളി രവിയുമാണ് ബിജെപിക്കു വേണ്ടി സീറ്റുകള്‍ പിടിച്ചെടുത്തത്. നഗരസഭയില്‍ അട്ടിമറി വിജയമാണ് ബിജെപിയുടേത്. 

ഉപതെരഞ്ഞെടുപ്പില്‍ ഇളമനത്തോപ്പില്‍  88.24 ശതമാനം പേരും പിഷാരികോവിലില്‍ 84.24 ശതമാനം പേരും വോട്ടു ചെയ്തിരുന്നു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനായ സിപിഎമ്മിലെ കെ ടി സൈഗാൾ അന്തരിച്ച ഒഴിവിലേക്കായിരുന്നു ഇളമനത്തോപ്പിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. പ്രദീഷ് ഇ ടി ആയിരുന്നു ഇടതുസ്ഥാനാർത്ഥി. എൽഡിഎഫ്‌ അംഗം രാജമ്മ മോഹൻ അന്തരിച്ച ഒഴിവിലാണ് പിഷാരി കോവിലിൽ വോട്ടെടുപ്പ് നടന്നത്. സം​ഗീത സുമേഷ് ആയിരുന്നു സിപിഎം സ്ഥാനാർത്ഥി. 

തൃപ്പൂണിത്തുറ നഗരസഭയില്‍  25 അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് ഭരണം നടത്തിയിരുന്നത്. ഇത് 23 ആയി കുറഞ്ഞു. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളുണ്ട്. ബിജെപിക്ക് 15 അംഗങ്ങളുണ്ടായിരുന്നത് 17 ആയി ഉയര്‍ന്നു. എൽഡിഎഫ്: 23, ബിജെപി: 17, യുഡിഎഫ്: 8, സ്വതന്ത്രൻ: 1 എന്നിങ്ങനെയാണ്  കക്ഷിനില.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com