12 തവണ നികുതി കൂട്ടി, ഒരു വീട്ടിൽ നിന്ന് ശരാശരി 1 ലക്ഷം രൂപ കൊള്ളയടിച്ചു; തോമസ് ഐസക്ക് 

പെട്രോളിനു മേൽ 12.27 രൂപയും, ഡീസലിനു മേൽ 10.47 രൂപയും പിൻവലിക്കാൻ ബാക്കി കിടക്കുകയാണെന്ന് ഐസക്ക് ചൂണ്ടിക്കാട്ടി
തോമസ് ഐസക്ക്/ ഫയൽ ചിത്രം
തോമസ് ഐസക്ക്/ ഫയൽ ചിത്രം

കൊച്ചി: 12 തവണ വർധിപ്പിച്ചിട്ടാണ് കേന്ദ്രസർക്കാർ ഇപ്പോൾ നികുതി കുറച്ചിരിക്കുന്നതെന്നും ഇത് വലിയ ഔദാര്യമായി കണക്കാക്കേണ്ടെന്നും മുൻ ധനമന്ത്രി ടി എം തോമസ് ഐസക്ക്. ബിജെപി അധികാരത്തിൽ വന്നതിനുശേഷം പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നുള്ള നികുതി വരുമാനം 25 ലക്ഷം കോടിയോളം രൂപ വരും. എന്നുവച്ചാൽ, മോദി ഭരണം ഇന്ത്യയിൽ ഒരു കുടുംബത്തിൽ നിന്ന് ശരാശരി 1 ലക്ഷം രൂപ പെട്രോളിയം നികുതിയായി കൊള്ളയടിച്ചു.എന്നാൽ ക്രൂഡോയിൽ വില ഉയർന്നപ്പോൾ വർദ്ധിപ്പിച്ച നികുതി ഇപ്പോഴും പൂർണ്ണമായി പിൻവലിക്കാൻ തയ്യാറായിട്ടില്ല. ഇപ്പോഴും മോദി സർക്കാർ വർദ്ധിപ്പിച്ച നികുതിയിൽ പെട്രോളിനു മേൽ 12.27 രൂപയും, ഡീസലിനു മേൽ 10.47 രൂപയും പിൻവലിക്കാൻ ബാക്കി കിടക്കുകയാണ്, തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കേന്ദ്ര സർക്കാർ പെട്രോളിനു ലിറ്ററിന് 8 രൂപയും, ഡീസലിന് 6 രൂപയും എക്സൈസ് നികുതി കുറച്ചിരിക്കുകയാണ്. ഇതു ജനങ്ങൾക്കു നൽകിയ വലിയ ഔദാര്യമായിട്ടാണു പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെട്രോളിന് 9.48 രൂപയും, ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. 12 തവണ നികുതി വർദ്ധിപ്പിച്ചു. അങ്ങനെ പെട്രോളിന് 26.77 രൂപയും, ഡീസലിന് 31.47 രൂപയും നികുതി വർദ്ധിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വർദ്ധനവാണ് ഇത്.
ഈ വർദ്ധനയുടെ ഫലമായി പെട്രോളിയം നികുതി കേന്ദ്ര സർക്കാരിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാനമാർഗ്ഗമായി മാറി. ബിജെപി അധികാരത്തിൽ വന്നതിനുശേഷം പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നുള്ള നികുതി വരുമാനം 25 ലക്ഷം കോടിയോളം രൂപ വരും. എന്നുവച്ചാൽ, മോദി ഭരണം ഇന്ത്യയിൽ ഒരു കുടുംബത്തിൽ നിന്ന് ശരാശരി 1 ലക്ഷം രൂപ പെട്രോളിയം നികുതിയായി കൊള്ളയടിച്ചു.
ഇന്ത്യയിലെ വിലക്കയറ്റത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഈ നികുതി വർദ്ധനവാണ്. ക്രൂഡോയിലിൻ്റെ വില ഇടിഞ്ഞപ്പോൾ നികുതി വർദ്ധിപ്പിച്ചു ചില്ലറ വില താഴാൻ അനുവദിച്ചില്ല. എന്നാൽ ക്രൂഡോയിൽ വില ഉയർന്നപ്പോൾ വർദ്ധിപ്പിച്ച നികുതി ഇപ്പോഴും പൂർണ്ണമായി പിൻവലിക്കാൻ തയ്യാറായിട്ടില്ല.
2011-ൽ നികുതി 3.50 രൂപ വീതം കുറച്ചു. നവംബർ 2020-21-ൽ ഡീസലിനും, പെട്രോളിനും 10 രൂപയും, 5 രൂപയും വീതം കുറച്ചു. ഇപ്പോൾ മെയ് 2022-ൽ 6 രൂപയും, 8 രൂപയും വീണ്ടും കുറച്ചു. അങ്ങനെ പെട്രോളിന് 14.50 രൂപയും, ഡീസലിന് 21 രൂപയും നികുതി കുറച്ചു. എന്നു വച്ചാൽ, ഈ കൊടിയ വിലക്കയറ്റത്തിൻ്റെ നാളിലും പെട്രോളിനും, ഡീസലിനും വർദ്ധിപ്പിച്ച നികുതി പൂർണ്ണമായി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. ഇപ്പോഴും മോദി സർക്കാർ വർദ്ധിപ്പിച്ച നികുതിയിൽ പെട്രോളിനു മേൽ 12.27 രൂപയും, ഡീസലിനു മേൽ 10.47 രൂപയും പിൻവലിക്കാൻ ബാക്കി കിടക്കുകയാണ്.
എന്നിട്ടാണ് സംസ്ഥാന സർക്കാരുകൾക്കു മേൽ നികുതി കുറക്കണം എന്ന് ആവശ്യപ്പെട്ടു കുതിര കയറുന്നത്. ഭൂരിപക്ഷം സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരിനെപ്പോലെ നികുതി വർദ്ധിപ്പിച്ചിട്ടില്ല. കേരള സർക്കാർ കഴിഞ്ഞ 6 വർഷക്കാലം ഒരു പ്രാവശ്യം പോലും നികുതി വർദ്ധിപ്പിച്ചിട്ടില്ല.
കേന്ദ്ര സർക്കാർ എക്സൈസ് നികുതിയാണ് കുറച്ചിരിക്കുന്നതെന്ന് ഓർക്കണം. ഈ എക്സൈസ് നികുതിയുടെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ടതാണ്. അതുകൊണ്ട്, സംസ്ഥാന സർക്കാരുകളുടെ കേന്ദ്ര നികുതി വിഹിതം ആനുപാതികമായി കുറയും. അതേ സമയം കേന്ദ്ര സർക്കാർ മുൻപു വർദ്ധിപ്പിച്ച നികുതി സെസ്സുകളും, റോഡ് ടാക്സും പോലുള്ളവയാണ്. ഇവ സംസ്ഥാന സർക്കാരുമായി പങ്കുവയ്ക്കേണ്ടതില്ല. ഈ നികുതികൾ കുറയ്ക്കുന്നതിനു പകരം സംസ്ഥാന സർക്കാരുമായി പങ്കുവക്കേണ്ടുന്ന എക്സൈസ് നികുതിയാണ് കുറയ്ക്കേണ്ടത്.
മാത്രമല്ല, മറ്റൊന്നുകൂടിയുണ്ട്. കേന്ദ്ര നികുതി കുറയുന്നതിന്റെ ഫലമായി പെട്രോൾ, ഡീസൽ വില കുറയും. കേന്ദ്ര സർക്കാർ ലിറ്ററിനു മേലാണു നികുതി ചുമത്തുന്നതെങ്കിൽ സംസ്ഥാന സർക്കാരുകൾ വിലയുടെ മേൽ ശതമാനക്കണക്കിലാണ് നികുതി ചുമത്തുന്നത്. അതുകൊണ്ട്, പെട്രോൾ, ഡീസൽ വിലകൾ കുറയുമ്പോൾ സംസ്ഥാന സർക്കാരിൻ്റെ  നികുതി വരുമാനവും കുറയും.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com