ഇളകി മറിഞ്ഞ് തൃക്കാക്കര; കലാശക്കൊട്ടില്‍ ആവേശം വാനോളം, ഇനി നിശബ്ദ വോട്ടുതേടല്‍

മൂന്നു മുന്നണികളും കനത്ത വിജയ പ്രതീക്ഷയിലാണ്
പാലാരിവട്ടത്തെ കലാശക്കൊട്ട് 
പാലാരിവട്ടത്തെ കലാശക്കൊട്ട് 

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ പരസ്യ പ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ വോട്ട് തേടല്‍. മൂന്നു മുന്നണികളും കനത്ത വിജയ പ്രതീക്ഷയിലാണ്. പാലാരിവട്ടത്തായിരുന്നു കലാശക്കൊട്ട്. മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളും നേതാക്കളും പ്രവര്‍ത്തകരും പാലാരിവട്ടത്തെത്തി. ചൊവ്വയാഴ്ചയാണ് മണ്ഡലം പോളിങ് ബൂത്തിലെത്തുന്നത്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഉമ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എല്‍ഡിഎഫ്), എഎന്‍ രാധാകൃഷ്ണന്‍ (എന്‍ഡിഎ) എന്നിവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. 

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണിത്. 99 സീറ്റില്‍ നില്‍ക്കുന്ന എല്‍ഡിഎഫ്, സെഞ്ചുറിയടിക്കുമെന്ന് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും നേതാക്കളും പ്രതീക്ഷ പങ്കുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാന ദിവസവും മണ്ഡലത്തിലെത്തിയത് എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തി. വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് പറഞ്ഞു. വോട്ട് വര്‍ധിപ്പിക്കുമെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. 

പോരിന്റെ മൂര്‍ധന്യത്തില്‍ വിദ്വേഷ രാഷ്ട്രീയം പുറത്തുവന്നതും ഇടത് സ്ഥാനാര്‍ഥിക്കെതിരെ വ്യാജ വിഡിയോ പ്രചാരണം നടന്നതും പതിവില്ലാത്ത കാഴ്ചകളായി. പിസി ജോര്‍ജിന്റെ പ്രസംഗങ്ങളും അറസ്റ്റും നാടകമെന്നു യുഡിഎഫ് ആക്ഷേപിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഉറച്ച നിലപാടിന്റെ തെളിവായി വ്യാഖ്യാനിക്കാനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ പി സി ജോര്‍ജും എന്‍ഡിഎ പ്രചാരണത്തിന് വേണ്ടി പാലാരിവട്ടത്ത് എത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com