

തിരുവനന്തപുരം; വീട്ടിൽ കയറി തോക്കുചൂണ്ടി വീട്ടമ്മയുടെ കമ്മൽ കവർന്ന വാർത്ത കേരളത്തെ ഞെട്ടിച്ചിരുന്നു. എന്നാൽ കള്ളന്മാരുടെ കയ്യിൽ തോക്കുണ്ടായിരുന്നില്ല. കള്ളൻ കയ്യുറ ധരിച്ചിരുന്നതിനാൽ തോക്കാണെന്ന് തെറ്റിദ്ധരിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. കാട്ടാക്കട മുതിയാവിള കളിയാകോട് ശാലോം നിവാസിൽ വാടകയ്ക്കു താമസിക്കുന്ന കേൾവിശക്തിയില്ലാത്ത കുമാരിയെ (56) യുടെ കള്ളൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മർദിച്ചാണ് കവർന്നത്.
ഞായറാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. മകൾ ജ്യോതിയും ഭർത്താവ് രതീഷും പള്ളിയിൽപ്പോയ സമയത്തായിരുന്നു മോഷ്ടാവ് എത്തിയത്. കുമാരി ഒരു മുറിയിലും മകളുടെ ആറും ഏഴും വയസ്സുള്ള മക്കൾ മറ്റൊരു മുറിയിലുമായിരുന്നു കിടന്നിരുന്നത്. കുട്ടികളുടെ മുറിയിലേക്കു പോകാൻ തുടങ്ങവെയാണ് മുഖംമൂടി ധരിച്ചയാളെ വീടിനുള്ളിൽ കണ്ടത് എന്ന് കുമാരി പോലീസിനു നല്കിയ പരാതിയിൽ പറഞ്ഞു.
ഭയന്നുപോയ വീട്ടമ്മയ്ക്ക് ബഹളംവയ്ക്കാൻ കഴിഞ്ഞില്ല. ഈ തക്കത്തിന് മുഖംമൂടിയും, കൈയുറയും ധരിച്ചിരുന്ന ആൾ തോക്ക് ചൂണ്ടി കമ്മൽ ഊരിനൽകാൻ ആവശ്യപ്പെടുകയും മുതുകിൽ ഇടിക്കുകയും ചെയ്തെന്ന് പരാതിയിൽ പറഞ്ഞു. കമ്മൽ കൈക്കലാക്കിയശേഷം തന്നെ പിടിച്ചുതള്ളി പിന്നിലെ വാതിൽ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. മരുമകൻ രതീഷ് എത്തിയാണ് കാട്ടാക്കട പോലീസിനെ വിവരം അറിയിച്ചത്.
വീട്ടിലെ അലമാരയിൽ കുറച്ചു പണം ഉണ്ടായിരുന്നുവെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. ഞായറാഴ്ചകളിൽ രതീഷും ഭാര്യയും പള്ളിയിൽ പോകുന്നത് മനസ്സിലാക്കിയ ആരോ ആവാം മോഷണത്തിനു പിന്നിലെന്നും, കൈയുറ ധരിച്ചതാണ് തോക്ക് എന്ന് വീട്ടമ്മ തെറ്റിദ്ധരിച്ചതെന്നും കാട്ടാക്കട പോലീസ് പറയുന്നു. രാവിലെ ഏഴോടെ രണ്ടുപേർ ബൈക്കിൽ വീടിനടുത്തുകൂടി പോയതു കണ്ടതായി നാട്ടുകാർ പോലീസിനെ അറിയിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കാം വോട്ടുറപ്പിക്കാന്‍ മുന്നണികള്‍; തൃക്കാക്കരയില്‍ ഇന്ന് നിശബ്ദപ്രചാരണം; വോട്ടെടുപ്പ് നാളെ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates