വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം; പ്രതിയെ തിരിച്ചറിഞ്ഞു; കുരുക്കായത് കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2022 03:22 PM  |  

Last Updated: 01st November 2022 03:22 PM  |   A+A-   |  

SEXUALLY ASSAULT LADY DOCTOR IN MUSEUM

സംഭവത്തിന്റെ സിസി ടിവി ദൃശ്യവും പ്രതിയുടെ രേഖാ ചിത്രവും

 

തിരുവനന്തപുരം: മ്യൂസിയത്തിനു സമീപം പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടര്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞു. കുറവന്‍കോണത്ത് വീടുകളില്‍ കയറിയതും ഇയാളെന്ന് പൊലിസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സംഭവം നടന്ന് ഏഴാം ദിവസമാണ് പൊലീസിന് പ്രതിയെ കണ്ടെത്താനായത്. 

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് മുന്‍പായിരുന്നു വനിതാ ഡോക്ടര്‍ക്കു നേരെ ആക്രമണം. കാറിലാണ് പ്രതി എത്തിയതെന്ന് അതിക്രമത്തിന് ഇരയായ വനിതാ ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. പ്രതിയുടേതെന്ന് സംശയിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താനായതെന്നാണ് പൊലീസ് പറയുന്നത്

ഇതേ വാഹനത്തില്‍ ടെന്നിസ് ക്ലബ്ബിനു സമീപം ഇയാള്‍ എത്തിയതായി പൊലീസിനു ലഭിച്ച വിവരമാണ് നിര്‍ണായകമായത്. എന്നാല്‍ ഇയാളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല. മ്യൂസിയം പരിസരത്ത് ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാളും കുറവന്‍കോണത്തു വീടുകളില്‍ കയറിയയാളും രണ്ടാണെന്നായിരുന്നു നേരത്തെ പൊലീസ് പറഞ്ഞത്. എന്നാല്‍, സാഹചര്യത്തെളിവുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടും ഒരാളാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

സംഭവ ദിവസം രാവിലെയും തലേന്നു രാത്രിയിലും കുറവന്‍കോണത്ത് ഒരു വീടിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിക്ക് തന്നെ ആക്രമിച്ചയാളുമായി സാമ്യമുണ്ടെന്ന് വനിതാ ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു. പ്രതിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടതിനെത്തുടര്‍ന്ന് ഇതേ രൂപത്തിലുള്ള ആളാണ് തന്റെ വീട്ടില്‍ മോഷണശ്രമം നടത്തിയതെന്ന് കുറവന്‍കോണം വിക്രമപുരം കുന്നില്‍ അശ്വതി വീട്ടില്‍ അശ്വതിയും വെളിപ്പെടുത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ചീത്ത വിളിച്ചാല്‍ പ്രീതി നഷ്ടമാവില്ല; ഗവര്‍ണര്‍ നോക്കേണ്ടത് നിയമ ലംഘനം ഉണ്ടോയെന്ന്' 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ